മന്ത്രി സജി ചെറിയാൻ മലയാളം മിഷൻ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി.

മനാമ: ബഹ്റൈനിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ സാംസ്കാരിക സാംസ്കാരിക വകുപ്പ് മന്ത്രിയും മലയാളം മിഷൻ ഉപാധ്യക്ഷനുമായ ശ്രീ.സജി ചെറിയാൻ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ ഓഫീസ് സന്ദർശിച്ച് ചാപ്റ്റർ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ആദ്യ സമ്പൂർണ്ണ മാതൃഭാഷാ സാക്ഷര പ്രവാസിസമൂഹമായി ബഹ്റൈനെ മാറ്റുന്നതിനുള്ള പ്രവർത്തനം ഏറ്റെടുത്ത് നടത്താൻ തയ്യാറായി മുന്നോട്ടു വന്ന ബഹ്റൈൻ ചാപ്റ്റിനെ മന്ത്രി അനുമോദിക്കുക്കൂകയും സർക്കാരിൻ്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയ വിശ്വമലയാളം പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുവാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. പത്താംതരം തുല്യതാ പരീക്ഷയായ മലയാളം മിഷൻ്റെ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞിയിൽ പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് മൂന്ന് വർഷം കഴിഞ്ഞിട്ടും പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം മന്ത്രിയുടെ ശ്രദ്ധപ്പെടുത്തുകയും, മലയാളം മിഷൻ്റെ മറ്റ് കോഴ്സുകളുടെ മാതൃകയിൽ മലയാളം മിഷൻ തന്നെ നേരിട്ട് പരീക്ഷ നടത്തി സർട്ടിഫിക്കേറ്റ് നൽകുന്ന രീതി അവലംബിക്കണമെന്നും യോഗം മന്ത്രിയോടാവശ്യപ്പെട്ടു. സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞിയുടെ പരീക്ഷാ ചുമതല സംസ്ഥാന പരീക്ഷാ ഭവനെ ചുമതലപ്പെടുത്തിയതോടെ ഉണ്ടായിട്ടുള്ള അനിശ്ചിതത്വം അവസാനിപ്പിക്കാനുള്ള സത്വര നടപടി സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ചാപ്റ്റർ പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു. ഭാഷാ പ്രവർത്തനത്തോടൊപ്പം സാംസ്കാരിക വിനിമയത്തിനുള്ള അവസരവും സാധ്യമാക്കുന്ന തരത്തിൽ സാംസ്കാരിക വകുപ്പിൻ്റെ വിവിധ വിഭാഗങ്ങളായ സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഫോക് ലോർ അക്കാദമി തുടങ്ങിയവയുടെ പ്രർത്തനങ്ങൾ വിദേശ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും വേണ്ടപ്പെട്ട സമിതികളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സജി ചെറിയാൻ ഉറപ്പ് നൽകി. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ.പി.വി.രാധാകൃഷ്ണപിള്ള, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി ശ്രീ.വർഗീസ് കാരക്കൽ ചാപ്റ്റർ സെക്രട്ടറി ശ്രീ. ബിജു.എം.സതീഷ്, ജോയിൻ്റ് സെക്രട്ടറി ശ്രീമതി.രജിത അനി, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ.ഫിറോസ് തിരുവത്ര, പാഠശാല ജോയിൻറ് കൺവീനർ സുനേഷ് സാസ്കോ തുടങ്ങിയവരും ഭാഷാധ്യാപകരും പ്രവർത്തകരും സന്നിഹിതരായിരുന്നു.