മനാമ : .ബഹ്റൈൻ പ്രതിഭയുടെ 29-മത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി പ്രതിഭ അംഗങ്ങൾക്കും അല്ലത്തവർക്കുമായി കുട്ടികളുടെ ഏകദിന കായികമേള ഒക്ടോബർ6-നു അറാദിലുള്ള മുഹറഖ് ക്ലബ് സ്റ്റേഡിയത്തിൽ രാവിലെ 9 മണിമുതൽ ആരംഭിക്കും. ബഹ്റൈൻ ട്രയിനിംഗ് അക്കാദമിയുടെ ചെയർമാനും ആയോധന കല ലോക ചാമ്പ്യൻഷിപ്പിൽ ബഹ്റൈനു വേണ്ടി നിരവധിയായ മെഡലുകൾ നേടിയെടുത്ത മുഹമ്മദ് ബഖ്ഷ് അൽ ബലൂഷി മേള ഉത്ഘാടനം ചെയ്യും. നൂറിൽപരം കുട്ടികൾ പങ്കെടുക്കുന്ന ബാല കായിക മേളയുടെ വിജയത്തിനായി സുരേഷ് അത്താണിക്കൽ ജനറൽ കൺവീനറായും ബിനു കരുണാകരൻ കൺവീനറായും അനിൽ സി.കെ. ജോ:കൺവീനറുമായ സംഘാടക സമിതിയാണ് നേതൃത്വം വഹിക്കുന്നത്.ഒക്ടോബർ 12 വ്യാഴാഴ്ച റിഫ മേഖല സംഘടിപ്പിക്കുന്ന “പ്രവാസ ലോകത്തെ തൊഴിലും സമ്പാദ്യവും” എന്ന വിഷയത്തിലുള്ള പ്രവാസി സംഗമവും സെമിനാറും, ഒക്ടോബർ 13 വെള്ളിയാഴ്ച സൽമാബാദ് മേഖല നടത്തുന്ന കുട്ടികൾക്കായുള്ള “വരയും വർണവും” എന്ന പേരിലുള്ള ചിത്രകല ക്യാമ്പ്, ഒക്ടോബർ 19 വ്യഴാഴ്ച മനാമ മേഖല സംഘടിപ്പിക്കുന്ന “കടൽ കടക്കുന്ന മലയാള സാഹിത്യം” എന്ന വിഷയത്തിൽ സെമിനാറും നടക്കും. ഇതോടനുബന്ധിച്ച് സാഹിത്യ രചന-ക്വിസ് മത്സരങ്ങളും നടത്തുന്നുണ്ട്.നവംബർ 10 ന് പ്രതിഭ കേന്ദ്ര കമ്മറ്റിയുടെ കീഴിൽ രാഘവൻ മാസ്റ്റർക്ക് ശ്രദ്ധാഞ്ജലി ആയി ‘എങ്ങിനെ നീ മറക്കും’ എന്ന സംഗീത പരിപാടി.നവംബർ 17 ന് കേരളത്തിലെയും ബഹ്റൈനിലെയും മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി ‘മാധ്യമങ്ങൾ കണ്ണടക്കുമ്പോൾ’ എന്ന മാധ്യമ സെമിനാർ, നവംബർ 24 ന് ബഹ്റൈനിലെ പ്രവാസി വനിതകൾക്ക് മാത്രമായുള്ള കലോത്സവം” പെണ്ണരങ്ങ് ” എന്നീ പരിപാടികളും ഡിസംബർ 15-നു നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികൾ ആയ പ്രതിഭ പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടൻ, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി എന്നിവർ പത്രകുറിപ്പിലൂടെഅറിയിച്ചു.