സൗദിയിൽ ഗാർഹിക തൊഴിലാളികളാകാൻ പ്രായപരിധി 21ആക്കി

റിയാദ്: സൗദിയിൽ 21 വയസില്‍ താഴെ പ്രായമുളളവരെ ഗാര്‍ഹിക തൊഴിലാളികളായി നിയമിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. നിയമം ലംഘിക്കുന്ന തൊഴിലുടമക്ക് 20,000 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും അധികൃതര്‍ വിശദീകരിച്ചു.ദിവസവും 10 മണിക്കൂറില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിപ്പിക്കരുത്. ജോലി സമയത്തിനിടയില്‍ വിശ്രമത്തിനും ഭക്ഷണത്തിനും ആരാധനാകര്‍മങ്ങള്‍ക്കുമായി അര മണിക്കൂറില്‍ കുറയാത്ത ഇടവേളഅനുവദിക്കണം. ഇടവേളകളിലെ വിശ്രമ സമയത്തിന് പുറമെ എല്ലാ ദിവസവും എട്ട് മണിക്കൂറില്‍ കുറയാത്ത തുടര്‍ച്ചയായ വിശ്രമം ഉറപ്പുകയും വേണം. ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണ വേതനത്തോടെ അവധി നല്‍കണം.
രണ്ട് വര്‍ഷത്തിലരിക്കല്‍ ഒരു മാസത്തെ അവധി അനുവദിക്കുന്നതിനൊപ്പം നാട്ടില്‍ പോകുന്നതിനും മടങ്ങി വരുന്നതിനുമുളള വിമാനടിക്കറ്റും ലഭ്യമാക്കണമെന്നും ഭേദഗതി ചെയ്ത നിയമത്തില്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 30 ദിവസം മെഡിക്കല്‍ ലീവിനും അര്‍ഹതയുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ ലീവ് നൽകേണ്ടതാണ്.രാജ്യത്തെ തൊഴില്‍ മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.