ബഹ്‌റൈനിൽ വേറിട്ട നാടകാവതരണമായി “പെൺ നടൻ”

മനാമ:കണ്ണും കാതും കൂർപ്പിച്ച് ഒരു നടന്റെ അംഗവിക്ഷേപങ്ങളിലേക്കും നിമിഷങ്ങൾക്കുള്ളിൽ മാറിമറിഞ്ഞ വേഷപ്പകർച്ചകളിലേക്കും  അഭിനയ മൂഹൂർത്തങ്ങളിലേക്കും മാത്രമായി ശ്രദ്ധ പതിഞ്ഞപ്പോൾ അത്  ‘പെൺനടൻ’ എന്ന നാടകത്തിന്റെ വിജയം മാത്രമല്ല, ബഹ്‌റൈനിൽ നാടകങ്ങൾക്ക് കാണികൾ ഉണ്ടാകില്ലെന്നുള്ള മുൻ ധാരണകൾക്ക് കടിഞ്ഞാൺ വീഴുക കൂടിയായിരുന്നു. ബഹ്‌റൈൻ മലയാളി ഫോറം മീഡിയാരംഗിന്റെ  സഹകരണത്തോടെ സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്‌മരണ  റേഡിയോ നാടക മത്സരത്തിന്റെ അവാർഡ് നിശയോടനുബന്ധിച്ചായിരുന്നു കഴിഞ്ഞ ദിവസം സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺ നടൻ’ എന്ന നാടകം അരങ്ങിൽ എത്തിച്ചത്. ബഹ്‌റൈൻ കേരളീയസമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ സഹകരണത്തോടെ ആയിരുന്നു നാടകത്തിനുള്ള വേദി ഒരുക്കിയത്.  പ്രശസ്ത നാടകനടൻ ഓച്ചിറ വേലുക്കുട്ടി ആശാന്റെ നാടകജീവിതമാണ് പെൺനടനിലെ പ്രമേയം .തുടക്കം മുതൽ ഒടുക്കം വരെ ഒരു മൊബൈൽ ഫോൺ പോലും ശബ്ദിക്കാതെ  ആസ്വദിച്ച നാടകത്തിനൊടുവിൽ  കാണികൾ സ്റ്റാന്റിംഗ് ഓവിയേഷനിലൂടെ പ്രതികരിച്ചത്   നാടകനടനോടുള്ള ബഹുമാനം മാത്രമല്ല ഒരു നല്ല നാടകം നിറഞ്ഞ മനസോടെ അനുഭവിച്ചതിനുള്ള സന്തോഷം കൂടിയായിരുന്നു. സന്തോഷ് കീഴാറ്റൂരിൻറെ മകൻ യദു തന്നെ ആയിരുന്നു ശബ്ദ,വെളിച്ച നിയന്ത്രണം നിർവഹിച്ചത്.
തുടർന്ന് നാടക നടനുള്ള ഉപഹാരം ബി എം എഫ് പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ നൽകി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള യും ബി എം എഫ് പ്രസിഡന്റും ചേർന്ന് സന്തോഷ് കീഴാറ്റൂരിനെയും മകനെയും പൊന്നാട നൽകി ആദരിച്ചു. തുടർന്ന് സജീവൻ കണ്ണപുരം രൂപകൽപന ചെയ്ത ഉപഹാരം പ്രോഗ്രാം കൺവീനർ സതീഷ് മുതലയിൽ സെക്രട്ടറി ദീപ ജയചന്ദ്രൻ എന്നിവർ  സന്തോഷ് കീഴാറ്റൂരിന്    നൽകി. ബി കെ എസ്‌   ജനറൽ സെക്രട്ടറി വർഗ്ഗീസ്പ് കാരയ്‌ക്കൽ പ്രോഗ്രാം കൺവീനർ സതീഷ് മുതലയിൽ, ബി കെ എസ്സ്‌  കലാവിഭാഗം സെക്രട്ടറി ശ്രീജിത് ഫറോക്ക് സ്‌കൂൾ  ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ, ബി  എം എഫ് ഭാരവാഹികളായ ദീപ ജയചന്ദ്രൻ,വിനോദ് ആറ്റിങ്ങൽ,രവി മാരാത്ത്,സ്റ്റാൻലി,ശ്രീജിത്ത് കണ്ണൂർ,ഇ വി രാജീവൻ, ശ്രീസൗഖ്യ ആയുർവേദിക് സെന്റർ,ഷിഫാ അൽജസീറ പ്രതിനിധികൾ  എന്നിവരും വിവിധ വിഭാഗങ്ങളിലുള്ള നാടക അവാർഡുകൾ സമ്മാനിച്ചു. നാടക അവാർഡിനോടനുബന്ധിച്ച് ബഹ്‌റൈനിലെ മികച്ച നാടക പ്രതിഭകളായ മനോഹരൻ പാവറട്ടി, സൗമ്യ കൃഷ്ണപ്രസാദ്‌,ജയാ ഉണ്ണികൃഷ്ണൻ, സജീവൻ കണ്ണപുരം എന്നിവരെയും വേദിയിൽ ആദരിച്ചു.  പ്രോഗ്രാം ജനറൽ കൺവീനർ സതീഷ് മുതലയിൽ നന്ദി പറഞ്ഞു.