അബുദാബി: സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എന്‍ബിഡി ബാങ്ക്. ബാങ്കിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ മെസ്സേജുകൾക്ക് മറുപടി നൽകരുതെന്നും തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ മെസ്സേജുകളും അജ്ഞാത ലിങ്കുകളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
വിവിധ ഗ്രൂപ്പുകളില്‍ ചേരാനോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ ആവശ്യപ്പെട്ടാണ് മെസ്സേജുകൾ . ഇത്തരം മെസ്സേജുകൾക്ക് മറുപടി നല്കുമുൻപ് അതിന്റെ ആധികാരികത ഉറപ്പാക്കണം.വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താന്‍ മുഴുവന്‍ ഫോണ്‍ വിവരങ്ങളും തട്ടിപ്പ് സംഘം സ്വന്തമാക്കും. ഇത് അക്കൗണ്ടിലെ പണം നഷ്ടപെടുന്നതിന് കാരണമാകുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. ആകര്‍ഷകമായ വാഗ്ദാനങ്ങളുമായിട്ടായിരിക്കും തട്ടിപ്പ് സംഘം സമീപിക്കുന്നത്.പാസ്‌വേർഡ്, ഒടിപി എന്നിവ ആവശ്യപ്പെട്ട് കൊണ്ട് വരുന്ന സന്ദേശങ്ങളും അവഗണിക്കണം. സോഷ്യല്‍ മീഡിയയിലൂടെയോ ഫോണിലൂടെയും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ബാങ്ക് ആവശ്യപ്പെടാറില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.