- ബഹ്റിനിൽ ഈ വര്ഷം 8598 സന്ദർശക വിസകൾ തൊഴിൽ വിസയിലേക്കു മാറിയതായി കണക്കുകൾ . എന്നാൽ ഇത്തരം വിസമാറ്റത്തിനു വിലക്ക് ഏർപ്പെടുത്തണമെന്ന് എം.പിമാരുടെ സമിതി . അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി പരിശോധന തുടരുന്നു
ബഹ്റിനിൽ വിദേശ തൊഴിലാളികളുടെ കാര്യങ്ങൾ കൈകാര്യം ചെയുന്ന ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതിയുടെ ശിപാർശകളിലാണ് എം.പിമാരുടെ സമിതി , ടൂറിസ്റ്റ് വിസയിൽ ബഹ്റൈനിലെത്തിയശേഷം പ്രവാസികൾ തൊഴിൽവിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് ആവിശ്യം ഉന്നയിച്ചിരിക്കുന്നത് .ഇത് സംബന്ധിച്ചു 39 ശിപാർശകളാണ് മംദൂഹ് അൽ സാലിഹ് ചെയർമാനായ സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. എൽ.എം.ആർ.എ ചെയർമാനും തൊഴിൽ മന്ത്രിയുമായ ജമീൽ ഹുമൈദാനോട് അടുത്ത ദിവസം പാർലമെന്റ് സെഷനിൽ ഇക്കാര്യം ചർച്ച ചെയ്യാനായി എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2019 മുതൽ 2023 ജൂൺവരെ കാലയളവിൽ ടൂറിസ്റ്റ് വിസയിൽ വന്ന 85,246 പ്രവാസികൾക്ക് വിസ മാറ്റാൻ അനുമതി നൽകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു . 2021ൽ 9,424 വിസകളും , 2022ൽ 46,204. ഈ വർഷം ജൂൺവരെ 8,598 ടുറിസ്റ് വിസകളും തൊഴിൽ വിസകൾ ആക്കിയതായി അധികൃതർ വ്യക്തമാക്കുന്നു . കൂടാതെ വിദേശജോലിക്കാരുടെ തൊഴിൽനയങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധനക്ക് വിധേയമാക്കുക, ഒഴിവുകൾ പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യണമെന്ന നിബന്ധന പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, എൽ.എം.ആർ.എ വെബ്സൈറ്റിൽ സ്വദേശികൾക്ക് മാത്രമായി ജോബ് സെർച്ച് സെക്ഷൻ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട് . എൽ.എം.ആർ.എ മൂന്ന് മാസം കൂടുമ്പോൾ ബോർഡിന് റിപ്പോർട്ട് നൽകണം. ഓഡിറ്റ് ചെയ്ത കണക്കുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കണം. സ്വദേശിവത്കരണത്തിനായി കൃത്യമായ പദ്ധതി വേണമെന്നും 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്യണമെന്നും എം.പിമാർ ഇതോടൊപ്പം ആവശ്യപ്പെടുന്നു. അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി നിരവധി സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ് . എൽ എം ആർ എ , പോലീസ് , പാസ്പോര്ട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ ആണ് പരിശോധനകൾ നടക്കുന്നത് .പരിശോധനയിൽ പിടികൂടുന്നവരെ നിയമ നടപടിക്ക് വിധേയരാക്കിയതായും അധികൃതർ അറിയിച്ചു.