ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസൺ ഇന്ന് ആരംഭിക്കും

അബുദബി: ഗ്ലോബല്‍ വില്ലേജിന്റെ 28-ാം സീസണിന് ഇന്ന് തുടക്കം. നിരവധി അത്ഭുത കാഴ്ചകളാണ് ഗ്ലോബല്‍ വില്ലേജ് ഇത്തവണ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഗ്ലോബല്‍ വില്ലേജില്‍ എത്താറുള്ളത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പുതുമകളോടെയാണ് ഇത്തവണ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. നാലായിരത്തോളം കലാ വിനോദ പ്രകടനങ്ങള്‍ ഈ സീസണില്‍ ഉണ്ടാകും. വിവിധ രാജ്യങ്ങളില്‍ നിന്ന് 400 കലാകാരന്‍മാര്‍ ഇത്തവണ ഗ്ലോബല്‍ വില്ലേജില്‍ എത്തും. 2075ല്‍ ലോകം എങ്ങനെ ആയിരിക്കുമെന്ന് വ്യക്തമാക്കുന്ന സൈബര്‍ സിറ്റി സ്റ്റണ്ട് ഷോ, പറക്കും ബൈക്കുകള്‍ അങ്ങനെ ഒട്ടനവധി ആകര്‍ഷകങ്ങളാണ് സന്ദര്‍കർക്കായി ഒരുക്കിയിരിക്കുന്നത്.വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി ഒന്‍പത് മണിക്ക് കരിമരുന്ന് പ്രയോഗം ഉണ്ടാകും. ഇരുപത്തി രണ്ടര ദിര്‍ഹമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. രണ്ട് തരത്തിലുളള ടിക്കറ്റുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഞായര്‍ മുതല്‍ വ്യാഴം വരെയുള ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിരക്കിളവോടെയുളള വാല്യു ടിക്കറ്റ്, എല്ലാ ദിവസവും പ്രവേശനം അനുവദിക്കുന്ന എനി ഡേ ടിക്കറ്റ് എന്നിവയാണ് ഇവ. റെക്കോര്‍ഡ് വേഗതയിലാണ് വിഐപി ടിക്കറ്റുകള്‍ വിറ്റുപോയത്.വിവിധ സ്ഥലങ്ങളില്‍ നിന്ന് ഗ്ലോബല്‍ വില്ലേജിലേക്ക് പുതിയതായി ബസ് സര്‍വീസും നാളെ ആരംഭിക്കും. ഗ്ലോബല്‍ വില്ലേജില്‍ ഇലക്ട്രിക് അബ്ര സര്‍വീസും ആര്‍ടിഎ നാളെ വീണ്ടും തുടങ്ങും . വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് പരമ്പരാഗത ബോട്ടുകളാകും പാര്‍ക്കിലെ വാട്ടര്‍ കനാലിലൂടെ സര്‍വീസ് നടത്തുക.