ബഹ്റൈൻ : സംഘർഷം നടക്കുന്ന ഗാസയിൽ കുടുങ്ങിയ ബഹ്റൈൻ സ്വദശികളെ റഫ അതിർത്തി വഴി ഈജിപ്തിലേക്ക് എത്തിച്ചതായി അധികൃതർ വ്യക്തമാക്കി . ബഹ്റൈൻ ഭരണാധികാരി ഹമദ് രാജാവിന്റെ നിർദേശ പ്രകാരവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലുമാണ് പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ സാധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് അണ്ടർ സെക്രട്ടറിയും ഒഴിപ്പിക്കൽ സംബന്ധിച്ച ചുമതലയുള്ള സമിതിയുടെ തലവനുമായ അംബാസഡർ ഡോ. മുഹമ്മദ് അലി ബഹ്സാദ്, നടപടിയിൽ സഹായിച്ച ഈജിപ്ത് വിദേശകാര്യ മന്ത്രാലയത്തിന് നന്ദി അറിയിച്ചു . പൗരന്മാരെ സുരക്ഷിതമായി ബഹ്റൈനിലേക്ക് തിരികെയെത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്റൈൻ പിൻവലിച്ചിരുന്നു . ഇസ്രേലിലെ ബഹ്റൈൻ അംബാസിഡറെ തിരിച്ചു വിളിക്കുകയും ബഹ്റൈനില്‍ നിന്നും ഇസ്രയേല്‍ സ്ഥാനപതി മടങ്ങിയതായി ബഹ്റൈന്‍ പാര്‍ലമെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചിരുന്നു.