അൽ ഷെരീഫ് ഗ്രൂപ്പ് ബഹ്‌റൈൻ ഇന്റർനാഷണൽ ചലഞ്ച് 2023 സമാജത്തിൽ നവംബർ 21 മുതൽ

മനാമ:അൽ ഷെരീഫ് ഗ്രൂപ്പ് ബഹ്‌റൈൻ ഇന്റർനാഷണൽ ചലഞ്ച് 2023 നവംബർ 21 മുതൽ 26 വരെയുള്ള തീയതികളിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുംമെന്നു ഇതുമായി ബന്ധപെട്ടു സമാജത്തിൽ നടന്ന പത്രസമ്മേളനത്തിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു. ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്‌ക്വാഷ് ഫെഡറേഷന്റെ (ബിബിഎസ്‌എഫ്) രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷണൽ ചാലഞ്ച് ബാഡ്മിന്റൺ ഏഷ്യ കോൺഫെഡറേഷന്റെ കീഴിൽ ലെവൽ 3 അംഗീകാരമുള്ളതാണ്. ലോക റാങ്കിംഗിൽ മികച്ച 50ൽ പ്പെടുന്ന കളിക്കാരെ പതിവായി ആകർഷിക്കുന്നു ടൂർണമെന്റിൽ ഇതുവരെ, കാനഡ മുതൽ അൾജീരിയ വരെയുള്ള 32 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി 250 ൽ അധികം കളിക്കാർ രജിസ്‌ട്രേഷൻ പൂർത്തിയാക്കി കഴിഞ്ഞതായി സമാജം ഇൻഡോർ ഗെയിംസ് സെക്രട്രറി പോൾസൺ ലോനപ്പൻ അറിയിച്ചു.യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽനിന്നെല്ലാം പ്രാതിനിധ്യം ഉള്ള ടൂർണമെന്റിൽ ആദ്യമായി അന്താരാഷ്ട്ര ബാഡ്മിന്റണിലെ ശക്തന്മാരായ ചൈനയും ജപ്പാനും പങ്കെടുക്കുന്നു എന്നുള്ളത് ഈ വർഷത്തെ ടൂർണമെന്റിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്. പ്രശസ്തനായ സീനിയർ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ അംഗീകൃത റഫറിയും പരിശീലകർക്കുള്ള ഇന്ത്യയിലെ ഏറ്റവും ഉയർന്ന ദേശീയ പുരസ്കാരമായ ദ്രോണാചാര്യ അവാർഡ് ജേതാവുമായ ഗൗരവ് ഖന്നയാണ് ടൂർണമെന്റ് റഫറി. നിലവിൽ, പാരാ ബാഡ്മിന്റൺ ടീമിന്റെ ഇന്ത്യൻ ദേശീയ പരിശീലകൻ കൂടിയാണ് ഖന്ന.

കഴിഞ്ഞവർഷം മത്സരങ്ങൾ തത്സമയം ഗാലറിയിൽ നിന്നും വീക്ഷിച്ച 5000-ത്തിലധികം കാണികൾക്ക് പുറമേ യൂട്യൂബ് വഴിയുള്ള ലൈവ് സ്ട്രീമിങ് വീക്ഷിച്ചത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മൂന്നുലക്ഷത്തിൽ പരം കാഴ്ചക്കാരാണെന്നുള്ളത് ഇന്റർനാഷണൽ ചലഞ്ചിന്റെ ജനപ്രീതിക്കു തെളിവാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. ടൂർണമെന്റിന്റെ സുഖമമായ നടത്തിപ്പിനായി നൂറിൽ അധികം അംഗങ്ങളുള്ള സംഘാടക സമിതിക്കാണ് പോൾസൺ ലോനപ്പന്റെയും ടൂർണമെന്റ് ഡയറക്ടർ നൗഷാദിന്റെയും നേതൃത്വത്തിൽ സമാജം രൂപംകൊടുത്തിരിക്കുന്നത്. അൽ ഷെരീഫ് ഗ്രൂപ് മുഖ്യ സ്പോണ്സര്മാരായ ടൂർണമെന്റിൽ JTJ, TEFCO എന്നിവർ മറ്റു പ്രമുഖ സ്പോൺസർമാരാണ്.

പുരുഷ സിംഗ്ൾസിൽ ലോക റാങ്കിംഗിൽ യഥാക്രമം 65, 66 സ്ഥാനങ്ങൾ അലങ്കരിക്കുന്ന, സ്‌പെയിനിൽനിന്നുള്ള ടോപ് സീഡുകളായ പാബ്ലോ അബിയാൻ, ലൂയിസ് എൻറിക്, മൂന്നാം സീഡിലുള്ള ഇന്ത്യൻ താരവും കാണികളുടെ ഇഷ്ട താരവുമായ ശങ്കർ സുബ്രഹ്മണ്യൻ, ബഹ്‌റൈൻ ഒന്നാം നമ്പർ താരം അദ്‌നാൻ ഇബ്രാഹിം തുടങ്ങിയ പ്രമുഖ താരങ്ങൾ മാറ്റുരക്കുമ്പോൾ വനിതാ സിംഗിൾസിൽ ടോപ് സീഡുകളായി മാളവിക ബൻസോധും, സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള ജെനീറ സ്റ്റാഡൽമാനും ഇടംപിടിക്കുന്നു.

മെൻസ് ഡബിൾസിൽ ആദ്യമായി ടോപ് സീഡ് ചെയ്യപ്പെട്ടിരിക്കുന്നത് ഐറിഷ് താരങ്ങളായ പോൾ റെയ്നോൾഡ്സ്, ജോഷ്വ മാഗി എന്നിവരാണ്. ഇവർക്ക് പുറമെ ചൈന, അൾജീരിയ, ജപ്പാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പ്രഗത്‌ഭരായ താരങ്ങൾ പങ്കെടുക്കും.
വനിതാ ഡബിൾസിൽ ടോപ്പ് സീഡുകൾ ബൾഗേറിയയിൽ നിന്നുള്ള ഗബ്രിയേല സ്‌റ്റോയ്വയും സ്റ്റെഫാനി സ്‌റ്റോയ്വയും ചൈനീസ് ജോഡിയായ സീ മെങ് വാങ്, കീ ഉൻ ഡിംങ്‌ എന്നിവരുമാണ്.മിക്സഡ് ഡബിൾസിൽ ഇന്ത്യൻ കരുത്തന്മാരായ സിക്കി റെഡ്ഢി-സുമീത് റെഡ്ഢി ജോഡിയും സതീഷ് കരുണാകരൻ-ആദ്യ വാരിയത്ത് ജോഡിയും മാറ്റുരക്കുന്നു. ഇംഗ്ലീഷ് ജോഡിയായ ജെന്നിയും ഗ്രിഗറി മെയേഴ്സുമാണ് ഈ വിഭാഗത്തിൽ ടോപ് സീഡുകൾ.

ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പവിഴദ്വീപിലെ ഏറ്റവം ആകർഷകമായ ഈ ടൂർണമെന്റിൽ പ്രവേശനം സൗജന്യമാണെന്നും എല്ലാ ബാഡ്മിന്റൺ ആസ്വാദകരെയും മതസരങ്ങൾ വീക്ഷിക്കാൻ സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ട്രഷറർ ആഷ്ലി കുര്യൻ, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ, ബാഡ്മിന്റൺ വിങ് കൺവീനർ തൃപ്തി രാജ്, ടൂർണമെന്റ് ഡയറക്ടർ നൗഷാദ് എം, ഓർഗനൈസിങ് കമ്മറ്റി അംഗങ്ങളായ പ്രശോബ്, അൻവർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.