യൂത്ത് ഇന്ത്യ മെഡിക്കൽ ഫെയർ 2.0 ഡിസംബർ ഒന്നിന്

മനാമ: “ആരോഗ്യത്തോടെ ജീവിക്കുക” എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ 2.0 ഡിസംബർ ഒന്നിന് ഈസ ടൗൺ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും.ബഹ്‌റൈൻ പ്രവാസി സംഘടനാ ചരിത്രത്തിൽ ആദ്യമായി വിവിധ സ്പെഷ്യാലിറ്റികളിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ പരിശോധന, എക്സിബിഷൻ, ബോധവൽക്കരണ ക്ളാസുകൾ, കൗൺസിലിംഗ്, സൗജന്യ മരുന്നുവിതരണം തുടങ്ങിയ വിപുലമായ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മെഡിക്കല്‍ ഫെയര്‍ സംഘടിപ്പിച്ചത് യൂത്ത് ഇന്ത്യയാണ്. 2015 ഇൽ സംഘടിപ്പിച്ച പരിപാടിയുടെ സെക്കൻഡ് എഡിഷനാണ് ഇപ്പോൾ നടത്തുന്നത്.5000 ഇൽ പരം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ബഹ്‌റൈനിലെ പ്രമുഖ ആശുപത്രികളും, ഫാർമസികളും, സമാന്തര വൈദ്യശാസ്ത്ര സ്ഥാപനങ്ങളും, മറ്റിതര ആരോഗ്യ സ്ഥാപനങ്ങളും ഒരുമിച്ചു ഒരേ വേദിയിൽ സൗജന്യ സേവനങ്ങൾ നൽകുന്നു എന്നതാണ് മെഡിക്കൽ ഫെയറിന്റെ ഏറ്റവും വലിയ പ്രത്യേകത.
രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് വരെയാണ് സമയം. രാവിലെയുള്ള സെഷനിൽ വിവിധ ലേബർ കേമ്പുകളിലും സ്ഥാപനങ്ങളിലുമുള്ള ബാച്ചിലേഴ്സിനും ഉച്ചക്ക് ശേഷമുള്ള സെഷനിൽ കുടുംബങ്ങൾക്കായുള്ള പ്രത്യേക സെഷനുകളും പ്രവർത്തിക്കും. മുൻകൂട്ടി രെജിസ്റ്റർ ചെയ്തവർക്കാണ് കേമ്പിൽ മുൻഗണന. അന്നേ ദിവസം സ്പോട്ട് രെജിസ്ട്രേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്.
അന്നം തേടിയുള്ള ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ പ്രവാസികൾ പലപ്പോഴും തങ്ങളുടെ ആരോഗ്യത്തിനു വേണ്ടത്ര പരിഗണന കൊടുക്കാറില്ല. ഈ നിലപാട് പലപ്പോഴും വലിയ ദുരന്തത്തിലേക്കുള്ള വഴിതുറക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു മെഡിക്കൽ ഫെയറുമായി യൂത്ത് ഇന്ത്യ വീണ്ടും മുന്നോട്ട് വന്നതെന്ന് പ്രസിഡന്റ് അനീസ് വി.കെ. പറഞ്ഞു. ചെറിയ വരുമാനക്കാരായ പ്രവാസികൾക്ക് ഇത്തരം പരിപാടികൾ വലിയ ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷ. ബഹ്‌റൈനിലുള്ള ആശുപത്രികളുടെയും മറ്റു സ്ഥാനപങ്ങളുടെയും ഭാഗത്ത് നിന്ന് ഏറെ സന്തോഷകരമായ പ്രതികരണവും സഹകരണവുമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടതും പെട്ടെന്നുണ്ടാവുന്ന അപകടങ്ങളിൽ പാലിക്കേണ്ട ഫസ്റ്റ് എയിഡ് കാര്യങ്ങളെ കുറിച്ചുള്ള പരിശീലനങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിപാടിയിലെ സഹകരിക്കാൻ താല്പര്യമുള്ളവർക്കും രജിസ്ട്രേഷന് വേണ്ടിയും 36608476,39860623എന്നീ നമ്പറുകളിൽ ബന്ധപ്പെടണം എന്ന് മെഡിക്കൽ ഫെയർ ജനറൽ കൺവീനർ ജുനൈദ് കായണ്ണ പറഞ്ഞു.