ഇന്ത്യന്‍ സ്കൂള്‍ ഫീസ് കുടിശ്ശികയുടെ പേരില്‍ രക്ഷിതാക്കളുടെ വോട്ടവകാശം നിഷേധിക്കരുത് യു.പി.പി

മനാമ:ഇന്ത്യന്‍ സ്കൂളില്‍ അടുത്ത മാസം എട്ടാം തീയ്യതി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്കൂള്‍ ഭരണഘടനയില്‍ പ്രതിപാദിച്ചത് പോലെ മെന്‍പര്‍ഷിപ്പ് ഫീ അടച്ചിട്ടുള്ള ഒരു രക്ഷിതാവിന്‍റേയും വോട്ട് അവകാശം നിഷേധിക്കരുതെന്ന ആവശ്യവുമായി യു.പി.പി നേതാക്കള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കി.വര്‍ഷത്തില്‍ അഞ്ചു ദിനാര്‍ അടച്ച് മെന്‍പര്‍ഷിപ്പ് പുതുക്കുന്ന ഏതൊരു രക്ഷിതാവിനും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം എന്ന കാര്യം സ്കൂള്‍ ഭരണഘടനയില്‍ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.കോവിഡ് കാലഘട്ടത്തിലെ തൊഴിലില്ലായ്മയും വരുമാനക്കുറവും സാധാരണക്കാരായ മനുഷ്യരെ ജീവിതസാഹചര്യങ്ങളില്‍ പലരീതിയിലും വളരെയേറെ പിന്നോക്ക അവസ്ഥയില്‍ ആക്കിയിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതി ജീവനത്തിനായ് ഓരോത്തരും ആവുന്ന രീതിയില്‍ ശ്രമിക്കുകയുമാണ് . എന്നിരിക്കെ കുറച്ചു മാസങ്ങളിലെ ഫീസടച്ചില്ല എന്ന പേരില്‍ ഒരാളുടെ മൗലി കാവകാശമായ വോട്ടെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് പാവപ്പെട്ട രക്ഷിതാക്കളോട് ചെയ്യുന്ന നീതികേടും തികഞ്ഞ ഏകാധിപത്യ രീതിയുമാണെന്നും ജനാധിപത്യ മൂല്ലൃങ്ങള്‍ കാത്തു സൂക്ഷിക്കാനും സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് വേണ്ടി ശബദമുയര്‍ത്താനും യു.പി.പി വരും ദിവസങ്ങളില്‍ റിട്ടേണിങ്ങ് ഓഫീസര്‍ മുതല്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ വരെ ഈ ആവശ്യമുന്നയിച്ച് പരാതികള്‍ നല്‍കുമെന്നും യു.പി.പി നേതാക്കള്‍  അറിയിച്ചു.യു.പി.പി നേതാക്കളായ ബിജുജോര്‍ജ്ജ് ,ഹരീഷ്നായര്‍,ഡോക്ടര്‍ സുരേഷ് സുബ്രമണ്യം, എഫ്.എം.ഫൈസല്‍, ജ്യോതിഷ്പണിക്കര്‍, അബ്ദുല്‍ മന്‍ഷീര്‍, ജോണ്‍ ബോസ്കോ, ജോണ്‍തരകന്‍,ജാവേദ് പാഷ,അന്‍വര്‍ ശൂരനാട്, മോഹന്‍കുമാര്‍ നൂറനാട്, സെയ്ദ് ഹനീഫ് , നായകം, അനില്‍ ഗോപി, എന്നിവരാണ് നിവേദനം സമര്‍പ്പിക്കാനെത്തിയത്.