മനാമ: വിദേശത്ത് ജോലി അന്വേഷിക്കുന്നവർ തൊഴിൽ തട്ടിപ്പിനിരകളാകാതെ സൂക്ഷിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടത്തി രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ നിരവധി പേരെയാണ് കബിളിപ്പിച്ചിരിക്കുന്നത്.ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഫേസ്ബുക്ക്, വാട്സ്ആപ്, ടെക്സ്റ്റ് മെസേജുകൾ തുടങ്ങിയവയിലൂടെയാണ് ഇവർ ആളുകളുമായി ബന്ധപ്പെടുന്നത്. ഇവർ വ്യാജമോ നിയമവിരുദ്ധമോ ആയ ജോലികൾ വാഗ്ദാനം ചെയ്യുകയും തൊഴിലന്വേഷകരിൽനിന്ന് രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ ഈടാക്കുകയും ചെയ്യുന്നു.
ഇങ്ങനെയുള്ളവർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെയാണ് പ്രവർത്തിക്കുന്നത് ഇവർക്ക് കൃത്യമായ ഓഫിസോ വിലാസമോ കാണില്ല. ഗൾഫ് രാജ്യങ്ങൾ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, മധ്യേഷ്യൻ രാജ്യങ്ങൾ, ഇസ്രായേൽ, കാനഡ, മ്യാന്മർ, ലാവോസ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിട്ടുണ്ട്.
വീട്ടുജോലിക്കെന്നു പറഞ്ഞ് സ്ത്രീകളെ എത്തിച്ചതിനുശേഷം അനാശാസ്യത്തിനു പ്രേരിപ്പിച്ച നിരവധി കേസുകളാണ് ഉണ്ടായിട്ടുള്ളത്. ഇങ്ങനെ കബിളിപ്പിക്കപ്പെടുന്ന സ്ത്രീകളെ എംബസിയുടെ സഹായത്താൽ സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് മടക്കി നാട്ടിലേക്ക് അയക്കുന്നത്.
നിരവധി പരാതികൾ ആണ് ദിവസവും തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്നത് എന്നാൽ ഇവർ നൽകുന്ന വിലാസങ്ങൾ വ്യാജമായതിനാൽ ഇവരെ കണ്ടെത്താൻ പലപ്പോഴും സാധിക്കാറില്ല.വിദേശ തൊഴിലുടമ, റിക്രൂട്ട്മെന്റ് ഏജന്റ്, എമിഗ്രന്റ് വർക്കർ എന്നിവർ ഒപ്പിട്ട തൊഴിൽ കരാറിനുമാത്രമേ സാധുതയുള്ളൂ അതിനാൽ ജോലി തേടി വിദേശത്തേക്ക് പുറപ്പെടുന്നതിനുമുൻപ് തൊഴിൽ കരാർ പരിശോധിക്കണം എന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.