വിദ്യാർഥി സംഗമം സംഘടിപ്പിച്ചു

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ്റെ ടീനേജ് വിദ്യാർഥികളുടെ കൂട്ടായ്മയായ “ടീൻ ഇന്ത്യ” വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ കേരളത്തിലെ പ്രമുഖ ആക്ടിവിസ്റ്റും പ്രഭാഷകനുമായ കെ.വി അബ്ദുറസാഖ് പാലേരി മുഖ്യ പ്രഭാഷണം നടത്തി. ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ കാലയളവും അപകടകരമായ കാലവും കൗമാരകാലമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് ശുദ്ധ പ്രകൃതിയിലാണ്. അവരെ ചീത്തയാക്കുന്നതോ നല്ലതാക്കുന്നതോ കൂട്ടു കെട്ടും സാഹചര്യങ്ങളാണ്. നല്ല സൗഹൃദങ്ങളെ ചേർത്ത് പിടിക്കാൻ ശ്രമിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയോ താൽകാലിക രസത്തിന് വേണ്ടിയോ പലതരം ലഹരി ഉപയോഗങ്ങൾ ശീലമാക്കുന്ന പ്രായം കൂടിയാണ് ടീനേജ് കാലം. ലഹരി ഉപയോഗം ജീവിതത്തെ തന്നെ ഇരുളടഞ്ഞതാക്കി മാറ്റും. നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കുകഎന്നത് സുപ്രധാനമാണ്. മദ്യം, പുകവലി, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുമായി ഒരിക്കലും സൗഹൃദം സ്ഥാപിക്കരുത്. തനിച്ച് നേരിടാൻ പറ്റാത്ത പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാവുമ്പാൾ മാതാപിതാക്കളോട് തുറന്നു പറയണം. ജീവിത പാതയിൽ ദൈവിക മൂല്യങ്ങൾ മുറുകെപിടിക്കാൻ ശ്രദ്ധാലു ക്കളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ടീൻ ഇന്ത്യ രക്ഷാധികാരി സുബൈർ എം.എം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടീൻ ഇന്ത്യ കേന്ദ്ര കോർഡിനേറ്റർ അനീസ് വി.കെ സ്വാഗതവും കൺവീനർ ഫാത്തിമ സ്വാലിഹ് നന്ദിയും പറഞ്ഞു. ദിയ നസീമിൻ്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിക്ക് സജീബ് , ബഷീർ , ഹാരിസ് , റഷീദ സുബൈർ , ബുഷ് റ ഹമീദ്, നാസിയ, ഷാനി സക്കീർ, നസീമ മുഹ്യുദ്ദീൻ, നുഫീല ബഷീർ, ഫസീല ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.