ആവേശം നിറച്ച് റയ്യാൻ സ്പോർട്സ് ഫെസ്റ്റ് 2024

മനാമ: കായിക ലോകത്തെ നാളെയുടെ പ്രതിഭകളാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ നടത്തിയ സ്പോർട്സ് ഫെസ്റ്റ് 2024 നു ആവേശകരമായ പര്യവസാനം.ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ കളറുകളിൽ വർണപ്പക്ഷികളെപോലെ ഹമല സെൻട്രൽ സ്പോർട്സ് ഗ്രൗണ്ടിൽ നിറഞ്ഞാടിയ കൗമാര പ്രതിഭകൾ വിവിധ മത്സരങ്ങളിലൂടെ അവരുടെ കായിക മികവ്‌ തെളിയിച്ചു.മികച്ച കോച്ചിങ് നൽകി കൈപിടിച്ചുയർത്തിയാൽ നമുക്കിടയിലും മെസ്സിയും, റൊണാൾഡോയും നെയ്മറുമൊക്കെ ഉണ്ടാവുമെന്ന് ഫുട്‌ബോൾ മത്സരത്തിലൂടെ കണ്ട മഴവിൽ ഗോളും എതിരാളിയെ കവച്ചുവെക്കുന്ന ഡ്രിബിളിംഗുമെല്ലാം തെളിയിച്ചു. ഓട്ടവും, ചാട്ടവും, ടഗ് ഓഫ് വാറുമെല്ലാം പുരുഷമേധാവിത്ത കളികളല്ലെന്നും മറിച്ചു പെൺകുട്ടികൾക്കും സന്ദർഭങ്ങൾ കിട്ടിയാൽ ഭംഗിയായി ചെയ്യാൻ സാധിക്കുമെന്നും മെഡലുകൾ വാരിക്കൂട്ടിയ പെൺകുട്ടികൾ ഓർമ്മിപ്പിച്ചു.ഒട്ടുമിക്ക മത്സരങ്ങളിലും ഗോൾഡ് മെഡൽ കരസ്ഥമാക്കി ബിർഷാദ് അബ്ദുൽ ഗനി നേതൃത്വം നൽകിയ ‘മഞ്ഞപ്പട’ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ തൊട്ടടുത്ത പോയിന്റുമായി സമീർ റിഫയുടെ ‘പച്ചപ്പട’ റണ്ണർ അപ്പുമായി. ഉസ്മാൻ ഈസ ടൗൺ നയിച്ച ‘ചെമ്പട’ യും ബിനു ഇസ്മായിൽ നയിച്ച ‘നീലപ്പട’യും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.റയ്യാൻ മനാമ , അൽ ഹിദായ ഹിദ്ദ് , അൽ ഇഹ്‌സാൻ ഈസ ടൗൺ എന്നീ മദ്രസകളിൽ നിന്നായി കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭാവികളും കായിക മാമാങ്കത്തിൽ പങ്കെടുത്തു.അൽ മന്നായി സെന്റർ സയന്റിഫിക് മേധാവി ഡോ. സഅദുല്ലാ അൽ മുഹമ്മദി പരിപാടിയുടെ മുഖ്യാതിഥി ആയിരുന്നു.യാക്കൂബ് ഈസ, രിസാലുദ്ദീൻ മീത്തൽ മാളികണ്ടി, ഹംസ അമേത്ത്, അബ്ദുൽ ഗഫൂർ പാടൂർ, അബ്ദുല്ല സി.കെ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു.തൗസീഫിന്റെ കുറ്റമറ്റ ഗെയിം പ്ലാനിങിലൂടെ രാവിലെ 8 മണിക്ക് തുടങ്ങിയ കായികമത്സരങ്ങൾ വൈകിട്ട് 6 മണിക്ക് സമാപിച്ചു.റയ്യാൻ സെന്റർ ചെയർമാൻ അബ്ദു റസാഖ് വി.പി.യും വിവിധ നേതാക്കളും രക്ഷിതാക്കളും ചേർന്ന് വിജയികൾക്കുള്ള ചാമ്പ്യൻഷിപ്പും മെഡലുകളും സമ്മാനിച്ചു.കൺവീനർ അബ്ദുൽ സലാം, ടീം റയ്യാൻ പരിപാടികൾ നിയന്ത്രിച്ചു.