പരീക്ഷയെ പേടിക്കേണ്ട; ‘ ക്രാക്ക് ദ കോഡ്’ ശനിയാഴ്ച കേരളീയ സമാജം ഹാളിൽ

മനാമ:പരീക്ഷയെ ടെൻഷനില്ലാതെ നേരിടാനും മികച്ച റിസൾട്ട് കരസ്ഥമാക്കാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിനായി ഈ മാസം പത്തിന് കേരളീയ സമാജം ഹാളിൽ ഗൾഫ് മാധ്യമം ‘ ക്രാക്ക് ദ കോഡ്’ പരിപാടി സംഘടിപ്പിക്കുന്നു. പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണ ആരതി സി. രാജരത്നം, ഐ.ടി വിദഗ്ധനും ട്രാൻസ്ഫോർമേഷൻ ആർക്കിടെക്റ്റുമായ മഹ്റൂഫ് സി.എം, മെന്റലിസ്റ്റ് അനന്തു എന്നിവരാണ് ‘ക്രാക്ക് ദ കോഡ്’ പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുന്നത്. അധ്യാപനത്തിൽ നൂതനത്വം കൊണ്ടുവന്ന ആരതി സി. രാജരത്നം അണ്ടർസ്റ്റാൻഡ് ടു കമ്മ്യൂണിക്കേറ്റ്”, “പാരൻ്റിംഗ് ഇന്നസെൻസ് ടു ഇന്നർസെൻസ്” എന്നിവയടക്കം നിരവധി ബെസ്റ്റ് സെല്ലർ ബുക്കുകളുടെ രചയിതാവാണ്. ഐടി വിദഗ്ധനും ട്രാൻസ്ഫോർമേഷൻ ആർക്കിടെക്റ്റുമായ മഹ്റൂഫ് സി എം ഇന്ത്യൻ പോലീസിനെയടക്കം സഹായിക്കുന്ന പ്രശസ്ത എത്തിക്കൽ ഹാക്കർ കൂടിയാണ്. സോഷ്യൽ മീഡിയയിൽ മെന്റലിസ്റ്റ് എന്ന നിലയിൽ പ്രസിദ്ധനായ അനന്തു മജീഷ്യനും ഷാഡോ ആർട്ടിസ്റ്റും കൂടിയാണ്. വൈകുന്നേരം നാലിന് തുടങ്ങുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. രക്ഷിതാക്കൾക്കും പ​ങ്കെടുക്കാം. പരിപാടിയോടനുബന്ധിച്ച് വിവിധ സർവകലാശാലകളുടെ സ്റ്റാളുകളും പ്രവർത്തിക്കും. അ​ൈപ്ലഡ് സയൻസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി കോളജ് ഓഫ് ബഹ്റൈൻ, ഗൾഫ് യൂണിവേഴ്സിറ്റി, അഹ്‍ലിയ യൂണിവേഴ്സിറ്റി ബഹ്റൈൻ, കിംഗ്ഡം യൂണിവേഴ്സിറ്റി, ബ്രിട്ടീഷ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ സർവകലാശാലകളുടെ സ്റ്റാളുകൾ ആകർഷണീയമായിരിക്കും. ഈ സർവകലാശാലകളൂടെ കോഴ്സുകളെപ്പറ്റിയും പ്രവേശനം സംബന്ധിച്ചും അറിയാനുള്ള അവസരവുമുണ്ട്.