ഒമാൻ :ഇന്ത്യയിലെയും ജിസിസിയിലെയും മുന്‍നിര സംയോജിത ആരോഗ്യ സംരക്ഷണ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് കീഴിലുള്ള 9 ആശുപത്രികള്‍, ന്യൂസ് വീക്ക് മാസികയുടെ 2024ലെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയില്‍ ഇടംപിടിച്ചു… യു എ ഇ യില്‍, ആസ്റ്റര്‍ ശൃംഖലയിലെ 4 ആശുപത്രികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍ (റാങ്ക് 5), ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ് (റാങ്ക് 14), മെഡ്കെയര്‍ ഹോസ്പിറ്റല്‍ അല്‍ സഫ (റാങ്ക് 34), മെഡ്കെയര്‍ വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ ഷൈഖ് സായിദ് റോഡ് (സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക പരിചരണത്തിനുള്ള ആശുപത്രി) എന്നിവയാണിത്. ഇന്ത്യയില്‍ നിന്നുള്ള 5 ആശുപത്രികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ (റാങ്ക് 20), ആസ്റ്റര്‍ മെഡ്സിറ്റി (റാങ്ക് 34), ആസ്റ്റര്‍ മിംമ്സ് ഹോസ്പിറ്റല്‍ (റാങ്ക് 78), ആസ്റ്റര്‍ പ്രൈം ഹോസ്പിറ്റല്‍ (റാങ്ക് 93), ആസ്റ്റര്‍ ആര്‍വി ഹോസ്പിറ്റല്‍ (റാങ്ക് 75) എന്നിവക്കാണ് അംഗീകാരം ലഭിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മിക്ക ആസ്റ്റര്‍ ആശുപത്രികളും അവയുടെ റാങ്കിംഗില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഗ്രൂപ്പില്‍ നിന്ന് ഒന്‍പത് ആശുപത്രികളെ ന്യൂസ് വീക്ക് അംഗീകരിച്ചതില്‍ അഭിമാനമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ഇന്ത്യയിലെയും ജിസിസിയിലെയും ഞങ്ങളുടെ സ്ഥാപനങ്ങളിലുടനീളം ലോകോത്തര ആരോഗ്യ സംരക്ഷണം പ്രദാനം ചെയ്യാനുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും, രോഗികളും അവരുടെ കുടുംബങ്ങളും സ്ഥാപനത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെയും സാധൂകരിക്കുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സ്ഥിരതയ്ക്കുള്ള അംഗീകാരമാണ്. മികച്ച മെഡിക്കല്‍ പരിചരണം, രോഗി പരിചരണം എന്നിവ നല്‍കുന്നതിന് ഞങ്ങളുടെ ഡോക്ടര്‍മാരും നഴ്സുമാരും, ജീവനക്കാരും പ്രകടിപ്പിക്കുന്ന കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനുമുള്ള അംഗീകാരമാണിതെന്നും ഡോ. ആസാദ് മൂപ്പന് കൂട്ടിച്ചേര്‍ത്തു. ന്യൂസ്വീക്കിന്റെ അംഗീകാരം ക്ലിനിക്കല്‍ മികവിന്റെയും മികച്ച സേവനത്തിന്റെയും സമന്വയത്തിലൂടെ മുന്നോട്ട് പോകുന്ന സ്ഥാപനത്തിന്റെ പ്രതിബദ്ധതയ്ക്ക് ഊര്‍ജം പകരുന്നതാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജിസിസി മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന് പറഞ്ഞു. ന്യൂസ് വീക്കിന്റെ പ്രശസ്തമായ ‘ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടിക’ ക്ലിനിക്കല്‍ മികവും രോഗി പരിചരണവും നല്കുന്നതില് അന്താരാഷ്ട്ര നിലവാരം ഉയര്‍ത്തിപ്പിടിക്കുന്ന ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെ അംഗീകരിക്കുന്ന ആധികാരിക പുരസ്ക്കാരങ്ങളിലൊന്നാണ്. ന്യൂസ് വീക്ക്, സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ച്, 85000 മെഡിക്കല്‍ വിദഗ്ധരെയും പൊതു ഡാറ്റയും ഉപയോഗപ്പെടുത്തിയാണ് റാങ്കിങ്ങ് നിര്‍ണ്ണയിക്കുന്ന സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്.