ബഹ്റൈൻ : കഴിഞ്ഞ ദിവസം മനാമയിൽ നടന്ന 33-ാമത് അറബ് ഉച്ചകോടിയിൽ മേഖലയുടെ സുസ്ഥിരത, വികസനം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെ മർമ്മ പ്രധാന വിഷയങ്ങൾക്കൊപ്പം ഗസ്സയിലെ ഇസ്രായേൽ വിഷയവും ചർച്ച ആയി . മേഖലയിൽ സമാധാനത്തിനായി അന്താരാഷ്‌ട്ര സമ്മേളനം വിളിക്കണമെന്ന് അധ്യക്ഷത വഹിച്ച ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ആവശ്യപ്പെട്ടു.സംഘർഷങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ സേവനങ്ങൾ നൽകാൻ പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണം . മേഖലയിൽ അന്തിമവും നീതിയുക്തവുമായ സമാധാനം കൈവരിക്കേണ്ടത് അത്യാവശ്യമാണ് . അനുരഞ്ജന സമീപനത്തിലൂടെയും ഗൗരവമായ രാഷ്ട്രീയ സംവാദത്തിലൂടെയും ഇത്തരം കാര്യങ്ങൾ നടപ്പിലാക്കണം . സാമ്പത്തികം, സാങ്കേതിക വിദ്യ, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ അറബ് സഹകരണം വർധിപ്പിക്കണം. മേഖലയുടെ സുസ്ഥിരതയും വികസനവും ഉറപ്പാക്കാനുള്ള നിരവധി പദ്ധതികളും നടപ്പിലാക്കണം .ഫലസ്തീൻ രാഷ്ട്രത്തിന് പൂർണ്ണ അംഗീകാരം നൽകുകയും ഐക്യരാഷ്ട്രസഭയിൽ ഫലസ്തീനിന് അംഗത്വം നൽകുകയും വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു . ഫലസ്തീനിൽ നടക്കുന്ന ആക്രമണത്തെ നേരിടാൻ സംയുക്ത ഇടപെടലുണ്ടാകേണ്ടതുണ്ടെന്ന് സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ-സൗദ് പറഞ്ഞു. ഉച്ചകോടിയുടെ സ്മരണക്കായി ബഹ്റൈൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഫലസ്തീന് ഐക്യദാർഢ്യംപ്രഖ്യാപിച്ചും ശാശ്വത സമാധാനത്തിനാഹ്വാനം ചെയ്ത് അറബ് ഉച്ചകോടി സമാപിച്ചത് .