ഇടപ്പാളയം ബഹ്‌റൈൻ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു

ബഹ്‌റൈൻ : ഇടപ്പാളയം ബഹ്‌റൈൻ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വിവിധ പരിപാടികളോടെ മെമ്പേഴ്സ് നൈറ്റ്‌ ആഘോഷിച്ചു. നബി സാലഹ് അൽഫനാർ വിഐപി സ്വിമ്മിൽ പൂളിൽ വെച്ച് നടന്ന പരിപാടിയിൽ നൂറിൽപരം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കിഡ്സ് വിങ്ങിന്റെ സ്വാഗത ഗാനത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ശ്രീ: ഫൈസൽ ആനോടിയിൽ അധ്യക്ഷതവഹിച്ചു, ജനറൽ സെക്രട്ടറി ശ്രീ: ഷാഹുൽ കാലടി സ്വാഗതവും രക്ഷാധികാരി ശ്രീ രാജേഷ് നമ്പ്യാർ ആശംസയും നേർന്നു. ഈ പ്രവാസജീവിതത്തിലെ തിരക്കുകളിൽ നിന്നും മാറി നാട്ടുകാരായ കൂട്ടുകാരെ കാണാനും സൗഹൃദം പങ്കിടാനും ഒന്നിച്ചിരിക്കാനുമായി അൽപനേരം എന്ന ഉദ്ദേശത്തോടെയുള്ള ഒത്തുചേരൽ. ഇതിനിടയിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്ന തനിനാടൻ കളികളും പരിപാടി എല്ലാവർക്കും ആസ്വാദ്യകരമാക്കി. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ 2024-25 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക സ്ഥാനാരോഹണവും കഴിഞ്ഞ വർഷം ഇടപ്പാളയത്തെ വിജയകരമായി മുന്നോട്ടു നയിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ മെമെന്റോ നൽകി ആദരിക്കുന്ന ചടങ്ങും പ്രസ്തുത പരിപാടിയിൽ നടന്നു. അതോടൊപ്പം സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കാനിരിക്കുന്ന മെംമ്പേഴ്സ് ക്രിക്കറ്റ് ലീഗിനെ കുറിച്ച് അറിയിപ്പ് നൽകുകയും ഇടപ്പാളയം ക്രിക്കറ്റ് ടീമിന്റെയും ഫുട്ബോൾ ടീമിന്റെയും ലോഗോ പ്രകാശനവും നടത്തി. അവതാരകയായ ശ്രീമതി: കൃഷ്ണപ്രിയ മേനോൻ പരിപാടിയിലുടനീളം നിറഞ്ഞു നിന്നു. ശ്രീ: രതീഷ് സുകുമാരൻ, ശ്രീ: അരുൺ സി ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രെഷറർ ശ്രീ: രാമചന്ദ്രൻ പോട്ടൂർ നന്ദിയും പറഞ്ഞു.