പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി തന്റെ പങ്ക് വ്യക്തമാക്കി – അഡ്വ.കെ.പി.ശ്രീകുമാർ

മനാമ : ആരോപണ വിധേയരായ എ.ഡി.ജി.പിയേയും തന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിയെയും ന്യായീകരിച്ചും ഭരണകക്ഷി എം.എൽ.എയായ പി.വി.അൻവറിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം,പി.വി.അൻവറിന്റെ വെളിപ്പെടുത്തലിലെ തന്റെ പങ്ക് മുഖ്യമന്ത്രി സ്വയം വ്യക്തമായിരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ അഭിപ്രായപ്പെട്ടു.ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.
എ.ഡി.ജി.പിയും പി.ശശിയും നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടുകൂടിയായതിനാലാണ് ആരോപണ വിധേയരെ സംരക്ഷിക്കുവാൻ മുഖ്യമന്ത്രി തയ്യാറാക്കേണ്ടിവന്നത്.ദുരന്തങ്ങളെ പോലും പണസമ്പാദനത്തിനും ആർഭാടത്തിനുമായി ദുരുപയോഗം ചെയ്യുന്ന സർക്കാരിന്റെ മനുഷ്യത്വമില്ലായ്മയാണ് വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്ന നൂറ് വീടുകളുടെ നിർമ്മാണ പ്രവർത്തനത്തിലേക്കായി ബഹ്റൈൻ ഒ.ഐ.സി.സി ഇരുപത് ലക്ഷം രൂപ സംഭാവന നൽകുവാനും കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് ഗഫൂർ ഉണ്ണികുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു വിശിഷ്ടാതിഥിയായി.ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം,ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ട്രഷറർ ലത്തീഫ് ആയംചേരി എന്നിവർ പ്രസംഗിച്ചു, ഒഐസിസി ജനറൽ സെക്രട്ടറിമാരായ പ്രദീപ്‌ മേപ്പയൂർ സ്വാഗതവും, സുനിൽ ചെറിയാൻ നന്ദിയും രേഖപ്പെടുത്തി. ഒഐസിസി ജനറൽ സെക്രട്ടറിമാരായ സൈദ് എം എസ്, ജീസൺ ജോർജ് വൈസ്പ്രസിഡന്റ്‌മാരായ അഡ്വ. ഷാജി സാമൂവൽ, ഗിരീഷ് കാളിയത്ത്, നസീം തൊടിയൂർ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ് എന്നിവർ നേതൃത്വം നൽകി.