മുഴുവൻ മനുഷ്യർക്ക് വേണ്ടിയുള്ളതാണ് ഖുർആൻ: സജീർ കുറ്റിയാടി

മനാമ: ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും വേണ്ടി അവതരിപ്പിക്കപ്പെട്ട വേദ പുസ്‌തകമാണ്‌ ഖുർആൻ എന്ന് പ്രഭാഷകനും പണ്ഡിതനുമായ സജീർ കുറ്റിയാടി പറഞ്ഞു. ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ ദാറുൽ ഈമാൻ കേരള മദ്റസയുമായി സഹകരിച്ചു നടത്തിയ “ഖുർആൻ ടോക്ക്” എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകജനതക്കുള്ള മാർഗ്ഗദർശനമാണ് വിശുദ്ധ ഖുർആൻ. ഏറ്റവും ശരിയായ മാർഗത്തിലൂടെ ലോകത്തെ നയിക്കുക എന്ന ദൗത്യമാണ് വിശുദ്ധ ഖുർആൻ നിർവഹിക്കുന്നത്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് മാനവിക സമൂഹത്തെ നയിക്കുക എന്നതാണ് അതിന്റെ ധർമം.ഖുർആൻ അനന്തമായ അറിവുകളെ മനുഷ്യർക്ക് നൽകുന്നുണ്ട്. അറിവുകൾ പ്രസരി പ്പിക്കുന്നതിലൂടെ മനുഷ്യനെ തന്റെ അസ്ഥിത്വത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചുമുള്ള തിരിച്ചറിവ് ലഭ്യമാക്കുന്നതിന് വേണ്ടി മുൻഗണന നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡൻ്റ് അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സക്കീർ ഹുസൈൻ നന്ദി പറഞ്ഞു. അഹ്മദ് ത്വാഹ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. അഷറഫ് അലി, അഷറഫ് പി എം, മഹമൂദ് മായൻ, ബുഷ്റ റഹീം, സോന സകരിയ, ലുലു അബ്ദുൽ ഹഖ്  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.