ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം,തീയതി പ്രഖ്യാപിച്ചു

ഷാര്‍ജ:ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്ബിഎ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ (എസ്‌ഐബിഎഫ് 2024) 43ാമത് പതിപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 6 മുതല്‍ 17 വരെയുള്ള തീയതികളില്‍ ‘ഇറ്റ് സ്റ്റാര്‍ട്ട്സ് വിത്ത് എ ബുക്ക്’ എന്ന പ്രമേയത്തിലാണ് ബുക്ക് ഫെസ്റ്റിവല്‍ നടക്കുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവന്‍റില്‍ പ്രാദേശിക, അറബ്, വിവിധ വിഷയങ്ങളില്‍ നിന്നുള്ള വിശിഷ്ട രചയിതാക്കള്‍, ബുദ്ധിജീവികള്‍ എന്നിവരടങ്ങുന്ന വൈവിധ്യമാര്‍ന്ന സമ്മേളനങ്ങള്‍ നടക്കും. സാഹിത്യ, സാംസ്‌കാരിക, ബൗദ്ധിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.ഈ വര്‍ഷത്തെ മേളയിലെ വിശിഷ്ടാതിഥി മൊറോക്കോ ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മൊറോക്കന്‍ സാഹിത്യവുമായും സര്‍ഗ്ഗാത്മകതയുമായും പ്രേക്ഷകരെ ബന്ധിപ്പിക്കുന്ന ശില്‍പശാലകള്‍, കലാപരമായ പ്രകടനങ്ങള്‍ എന്നിവ ഉണ്ടാകും. പരസ്പരബന്ധിതമായ ലോകത്ത്, സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്നതിലും ധാരണ വളര്‍ത്തുന്നതിലും പുസ്തകങ്ങളുടെ പങ്ക് എന്നത്തേക്കാളും പ്രധാനമാണെന്ന് മേളയുടെ പുതിയ എഡിഷന്‍ പ്രഖ്യാപിച്ചുകൊണ്ട് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.