ഇറാൻ പ്രസിഡൻ്റ് ഖത്തർ സന്ദർശനം നടത്തി

ദോഹ: ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ ബുധനാഴ്ച ഖത്തർ സന്ദർശനത്തിനെത്തി. ഇറാൻ യുദ്ധത്തിനായി താൽപര്യപ്പെടുന്നില്ലെന്നും എന്നാൽ തങ്ങൾ നടത്തിയ മിസൈൽ ആക്രമണത്തിന് ഇസ്രായേൽ തിരിച്ചടിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ്റെ സന്ദർശനം ക്രിയാത്മക സഹകരണം തുടരാനുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു. ഗാസ മുനമ്പ്, അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾ, ലെബനൻ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിനും മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കുമിടയിൽ മിഡിൽ ഈസ്റ്റ് കടന്നുപോകുന്ന നിർണായക ഘട്ടത്തിലാണ് ഇറാൻ പ്രസിഡൻ്റ് ദോഹയിൽ ഉഭയകക്ഷി ചർച്ചകൾക്ക് എത്തിയതെന്നും അദ്ദേഹംവ്യക്തമാക്കി.
“ഇസ്രായേൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതികരണമുണ്ടാകും. ഇക്കാര്യത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രതിജ്ഞാബദ്ധമാണ്,” ദോഹയിൽ ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പെസെഷ്കിയൻ പറഞ്ഞു. “ഞങ്ങൾ യുദ്ധത്തിനായി നോക്കുകയല്ല, പ്രതികരിക്കാൻ ഞങ്ങളെ നിർബന്ധിക്കുന്നത് ഇസ്രായേലാണ്,” അദ്ദേഹം പറഞ്ഞു. ഇറാൻ ഹൈപ്പർസോണിക് ആയുധങ്ങൾ ഉൾപ്പെടെ 200 ഓളം മിസൈലുകൾ ഇസ്രായേലിന് നേരെ തൊടുത്തുവിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് പെസെഷ്കിയൻ ഖത്തറിലെത്തിയത്.