ചരിത്ര നിമിഷത്തിനൊരുങ്ങി ഇന്ത്യൻ വ്യോമസേന; ലക്ഷ്യം ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്

ചെന്നൈ: ഇന്ത്യൻ എയർഫോഴ്‌സിൻ്റെ 92-ാമത് എയർഫോഴസ് ദിനത്തോട് അനുബന്ധിച്ച് ഒക്ടോബർ 6 ന് ചെന്നൈയിലെ മറീന ബീച്ചിൽ നടക്കുന്ന ഗംഭീര എയർ ഷോയിലൂടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌ നേടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന. 22 വിഭാഗങ്ങളിൽ നിന്നുള്ള 72 വിമാനങ്ങൾ ഉൾക്കൊള്ളുന്ന ഗ്രാൻഡ് ഫ്‌ളൈപാസ്റ്റാണ് ഇന്ത്യൻ വ്യോമസേന ഞായറാഴ്ച നടത്താൻ ഒരുങ്ങുന്നത്.”ഭാരതീയ വായുസേന: സക്ഷം, സശക്ത് ഔർ ആത്മനിർഭർ”എന്നതാണ് ഈ എയർഫോഴസ് ദിനത്തിന്റെ തീം. വലിയ ജനാവലി വ്യോമസേനയുടെ പ്രകടനം കാണാനായി എത്തുമെന്ന് കരുതുന്നത്. ഏകദേശം 10 മുതൽ 12 ലക്ഷം വരെ കാണികളെയാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. ആരോഹെഡ്, ത്രിശൂൽ, രുദ്ര തുടങ്ങിയ രൂപങ്ങൾ ആകാശത്ത് സൃഷ്ടിക്കുന്ന എയർഫോഴ്സിൻ്റെ ഐതിഹാസിക പ്രകടനങ്ങൾക്കും ഐഎഎഫിൻ്റെ സൂര്യ കിരൺ, സാരംഗ് ടീമുകളുടെ ആവേശകരമായ എയറോബാറ്റിക്‌സിനും ഒക്ടോബർ ആറിന് ചെന്നൈ സാക്ഷ്യം വഹിക്കും.

മറീന ബീച്ചിലെ ഫ്ലൈപാസ്റ്റിൽ എസ് യൂ-30, എംഐജി-29, ജാഗ്വാർസ് തുടങ്ങിയ യുദ്ധവിമാനങ്ങളും ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ , അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) എംകെ4 തുടങ്ങിയ ഹെലികോപ്റ്ററുകളും പങ്കെടുക്കും. നാവികസേനയുടെ P8I, വിൻ്റേജ് ഡക്കോട്ട എന്നിവയും പങ്കെടുക്കും. ഇത് ഇവൻ്റിനെ ഏറെ ആകർഷകമാക്കുമെന്നതിൽ സംശയമില്ല. രണ്ട് മണിക്കൂറാണ് പരിപാടിയുടെ ദൈർഘ്യമായി കണക്കുകൂട്ടുന്നത്. സാഗർ, ആകാശ്, ധ്വജ് തുടങ്ങിയ ഏരിയൽ ഡ്രില്ലുകൾ കാണികളെ വിസ്മയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുപ്പെടുന്നത്.