സോഷ്യൽ മീഡിയ വഴി പോസ്റ്റിടുമ്പോഴും ഷെയര്‍ ചെയ്യുമ്പോഴും ശ്രദ്ധിക്കുക,നിയമം ലംഘിച്ചാല്‍ അഞ്ച് ലക്ഷം പിഴയും അഞ്ച് വര്‍ഷം തടവും

ദുബായ്:സോഷ്യൽ മീഡിയ വഴി വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോഴും മറ്റു വിവരങ്ങള്‍ നല്‍കുമ്പോഴും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. വ്യാജമാണെന്ന് വ്യക്തമായ ഒരു പോസ്റ്റ് ഫോര്‍വേഡ് ചെയ്യുകയോ, ആളുകളെ ട്രോളുകയോ ഒക്കെ ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി യുഎഇയില്‍, അത്തരം പെരുമാറ്റത്തിന് കടുത്ത ശിക്ഷ ലഭിക്കും. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ ഓണ്‍ലൈനില്‍ ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നത് തടവ് ശിക്ഷ ഉള്‍പ്പെടെയുള്ള ഗൗരവതരമായ നടപടികള്‍ ക്ഷണിച്ചുവരുത്താന്‍ ഇടയാക്കുന്ന നിയമ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
യുഎഇ ഈയിടെയായി രാജ്യത്ത് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 2024 ജൂലൈ മുതല്‍, ലൈസന്‍സില്ലാതെ സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവര്‍ക്കും പരസ്യം ചെയ്യുന്നവര്‍ക്കും പരസ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തുന്ന ഒരു നിയമം പ്രാബല്യത്തിൽ വന്നിരുന്നു.

രാജ്യത്തിന്‍റെ നിയമങ്ങളും മാനദണ്ഡങ്ങളും മാനിക്കുന്നതിന് സോഷ്യല്‍ മീഡിയയില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

  • യുഎഇ പ്രസിഡന്‍റിനെയോ എമിറേറ്റ്‌സ് ഭരണാധികാരികളെയോ വിമര്‍ശിക്കുകയോ വാക്കുകള്‍ കൊണ്ട് ആക്രമിക്കുയോ ചെയ്യുക, രാജ്യത്തിന്‍റെ ഭരണസംവിധാനത്തെ വിമര്‍ശിക്കുകയോ ആക്രമിക്കുകയോ ചെയ്യുക, രാജ്യത്തിന്‍റെ ഉയര്‍ന്ന താല്‍പ്പര്യങ്ങള്‍ക്ക് ദോഷം വരുത്തുക.
  • ബോധപൂര്‍വം തെറ്റായ വാര്‍ത്തകളോ വ്യാജമോ കെട്ടിച്ചമച്ചതോ ആയ രേഖകളോ പോസ്റ്റ് ചെയ്യുക.കിംവദന്തികള്‍ പ്രചരിപ്പിച്ചോ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പങ്കുവെച്ചോ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ദോഷം വരുത്തുക
  • പൊതു ധാര്‍മ്മികത ലംഘിക്കുന്നതോ പ്രായപൂര്‍ത്തിയാകാത്തവരെ അപമാനിക്കുന്നതോ വിനാശകരമായ തത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റുചെയ്യല്‍.
  • രാജ്യത്തെ കോടതികളുടെയോ റെഗുലേറ്ററി ബോഡികളുടെയോ ചര്‍ച്ചകള്‍ അല്ലെങ്കില്‍ പൊതു സെഷനുകള്‍ ദുര്‍വ്യാഖായനം ചെയ്യുക.
  • ഒരു പൊതു ഉദ്യോഗസ്ഥന്റെ അല്ലെങ്കില്‍ ഒരു പൊതു പ്രതിനിധി സ്ഥാനത്തുള്ള വ്യക്തിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുക.

രാജ്യത്തിന്‍റെ പ്രശസ്തി, അന്തസ്സ് അല്ലെങ്കില്‍ പദവി എന്നിവയെ പരിഹസിക്കുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യുന്നതിനായി ഓണ്‍ലൈനില്‍ വിവരങ്ങള്‍, വാര്‍ത്തകള്‍, ദൃശ്യ സാമഗ്രികള്‍ എന്നിവ പ്രസിദ്ധീകരിച്ചാല്‍ 500,000 ദിര്‍ഹം വരെ പിഴയും 5 വര്‍ഷം വരെ തടവും ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.