പ്രവാസികള്‍ക്ക് തൊഴില്‍ മാറാന്‍ ഇനി 60 ദിവസം ലഭിക്കും,പുതിയ തൊഴില്‍ നിയമനടപടിയുമായി സൗദി

റിയാദ്: സൗദി അറേബ്യയിലെ ഒരു പ്രവാസി തൊഴിലാളിക്ക് നിലവിലെ തൊഴിലില്‍ നിന്ന് രാജിവച്ച ശേഷം മറ്റൊരു തൊഴിലുടമയിലേക്ക് മാറാനോ അല്ലെങ്കില്‍ ഫൈനല്‍ എക്സിറ്റ് വിസയില്‍ രാജ്യം വിടാനോ 60 ദിവസം വരെ സമയമുണ്ടെന്ന് ലേബര്‍ അധികൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയോ രാജ്യം വിടുകയോ ചെയ്തില്ലെങ്കില്‍, തൊഴിലാളിയുടെ സ്റ്റാറ്റസ് ആബ്‌സന്റ് ഫ്രം വര്‍ക്ക് അഥവാ ‘ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു’ എന്ന് മാറുമെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഈ രണ്ടിലൊരു ഓപ്ഷന്‍ സാധ്യമാവുന്നതു വരെ ഈ സ്റ്റാറ്റസ് നിലനില്‍ക്കും.
സൗദി അധികൃതര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ നിയം പരിഷ്‌ക്കാരത്തിലാണ് ഈ നിര്‍ദ്ദേശമുള്ളത്. പ്രവാസികള്‍ക്ക് ജോലി മാറാനും പുതിയ തൊഴില്‍ കണ്ടെത്തുന്നതിനും കൂടുതല്‍ സൗകര്യം ഒരുക്കുന്നതാണ് പുതിയ വ്യവസ്ഥ. അതേസമയം നിലവിലെ ജോലി അവസാനിപ്പിച്ച് ഫൈനല്‍ എക്സിറ്റ് വിസ നേടിയ പ്രവാസി തൊഴിലാളി രാജ്യം വിടുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്ക് ആയിരിക്കുമെന്ന് പുതിയ നിയമ പരിഷ്‌ക്കാരം വ്യവസ്ഥ ചെയ്തു.ഫൈനല്‍ എക്സിറ്റ് വിസ ഇഷ്യൂ ചെയ്തുകഴിഞ്ഞാല്‍, പ്രവാസികള്‍ രാജ്യം വിടുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട തൊഴിലുടമയാണെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്‌സ് വ്യക്തമാക്കി. തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് വിസ വാങ്ങിക്കൊടുക്കുന്നതോടെ തൊഴിലുടമയുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. ഫൈനല്‍ എക്സിറ്റ് വിസ ഇഷ്യൂ ചെയ്യപ്പെട്ട പ്രവാസി ജീവനക്കാരന്‍ നിലവില്‍ രാജ്യത്ത് എവിടെയാണെന്ന് കണ്ടെത്തുന്നതില്‍ തൊഴിലുടമ പരാജയപ്പെട്ടാല്‍, ഈ വിസ റദ്ദാക്കുന്നതിന് അപേക്ഷിക്കുകയും അധികാരികള്‍ക്ക് അസാന്നിധ്യ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുകയും വേണമെന്നും അധികൃതര്‍ വ്യക്തമാക്കി.
പുതിയ തീരുമാനപ്രകാരം നിശ്ചിത കാലയളവില്ലാത്ത തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള അറിയിപ്പ് തൊഴിലാളി 30 ദിവസത്തിനുള്ളില്‍ തൊഴിലുടമയ്ക്ക് സമര്‍പ്പിക്കണം.അതേസമയം, തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം തൊഴിലുടമയുടേതാണെങ്കില്‍ ചുരുങ്ങിയത് 60 ദിവസം മുമ്പ് തൊഴിലാളിക്ക് ഇതുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള അറിയിപ്പ് കൈമാറിയിരിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. 2020ലാണ് സൗദി അറേബ്യ സുപ്രധാന തൊഴില്‍ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത്.