കാര്‍ പാര്‍ക്കിങ് സ്ഥലം അടച്ചു, സെന്റ് ജയിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ ദുരിതത്തില്‍

st-jamesഡബ്ലിന്‍: സെന്റ് ജയിംസ് ആശുപത്രിയില്‍ കാര്‍ പാര്‍ക്കിങ്ങിനായി അനുവദിച്ചിരുന്ന സ്ഥലം അടച്ചത് വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ദുരിതമായി.മുന്നൂറിലേറെ കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലമാണ് തിങ്കളാഴ്ച രാവിലെയോടെ ആശുപത്രി അധികൃതര്‍ പുതുതായി പണിയുന്ന കുട്ടികളുടെ ആശുപത്രിയുടെ ജോലികള്‍ക്കായി മുന്‍ധാരണകളില്ലാതെ അടച്ചതെന്ന് ഐറിഷ് നഴ്‌സസ് ആന്റ് മിഡ് വൈവ്‌സ് ഓര്‍ഗനൈസേഷന്റെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫീസര്‍ ക്ലെയര്‍ ട്രേസി പറഞ്ഞു. ഇപ്പോള്‍ മൂവായിരത്തി അഞ്ഞൂറോളം വരുന്ന സ്റ്റാഫ് അംഗങ്ങള്‍ക്കായി കേവലം 500 പാര്‍ക്കിങ് സ്‌പേസ് മാത്രമാണ് അവശേഷിക്കുന്നത്.
അടച്ചിട്ടതിനു പകരമായി കിമെന്‍ഹാം ആശുപത്രിയോടു ചേര്‍ന്ന് അധിക പാര്‍ക്കിങ് സ്‌പേസുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഇത് ഉപകാരപ്രദമാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാഹനം അവിടെ പാര്‍ക്ക് ചെയ്ത് സെന്റ് ജയിംസ് വരെയും തിരിച്ചും എത്തുന്നതിനുള്ള ബസ്സുകള്‍ വൈകിട്ട് ആറു മണിയോടെ ഓട്ടം നിര്‍ത്തുന്നതാണ് കാരണം. ജയിംസ് സ്റ്റീല്‍ കാര്‍ പാര്‍ക്കിലും കൂടുതല്‍ പാര്‍ക്കിങ് സ്‌പേസ് അനുവദിക്കുമെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.