മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം,രണ്ട് പേർ അറസ്റ്റിൽ

മുംബൈ: എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെടിവെച്ചതിന് ശേഷം ഓടി രക്ഷപ്പെട്ട മൂന്നാമത്തെ പ്രതിക്കായി മുബൈ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. മുംബൈയിലെ ഖേർ നഗറിൽ രാത്രി 9.30ഓടെയായിരുന്നു സംഭവം. കാറിൽ കയറുന്നതിനിടെയാണ് സിദ്ദിഖിക്ക് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവ സ്ഥലത്ത് നിന്ന് ആറ് ബുള്ളറ്റ് ഷെല്ലുകൾ മുംബൈ പോലീസ് കണ്ടെടുത്തിരുന്നു. മൂന്ന് തവണ സിദ്ദിഖിക്ക് നേരെ വെടിയുതി‍ർത്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. വെടിവെക്കാൻ ഉപയോഗിച്ച പിസ്റ്റൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. 9.9 എംഎം പിസ്റ്റളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടുക്കുന്ന സംഭവം.നിരവധി തവണ എംഎൽഎയായ ബാബ സിദ്ദിഖി, 2004 – 2008 കാലഘട്ടത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരിന്നു. നേരത്തെ മുംബൈയിലെ മുൻസിപ്പൽ കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 8 വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ഫെബ്രുവരി എട്ടിന് പാ‍ർട്ടി പ്രാഥമിക അം​ഗത്വത്തിൽ നിന്ന് സിദ്ദിഖി രാജിവെച്ചിരുന്നു. പിന്നീട് അജിത്ത് പവാറിന്റെ എൻസിപിയിൽ ചേരുകയായിരുന്നു. ബോളിവുഡിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് സിദ്ദിഖി.ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ബാബ സിദ്ദിഖിയുടെ കുടുംബത്തെ കാണാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശനിയാഴ്ച രാത്രി മുംബൈയിലെ ലീലാവതി ആശുപത്രിയിലെത്തിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, കേന്ദ്രമന്ത്രിയും ആർപിഐ(എ) മേധാവിയുമായ രാംദാസ് അത്താവലെ, അജിത് പവാറിൻ്റെ മകൻ പാർത്ഥ് പവാർ എന്നിവരും ലീലാവതി ആശുപത്രിയിലെത്തി. സൽമാൻ ഖാനും ശിൽപ്പ ഷെട്ടിയും ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളും ആശുപത്രിയിലെത്തിയിരുന്നു.