ആരോഗ്യമേഖലയിൽ സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കാൻ തീരുമാനവുമായി സൗദി അറേബ്യ

റിയാദ്: രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളില്‍ നിലവിലുള്ള സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി സൗദി അറേബ്യ. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നാല് മേഖലകളില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കനുള്ള തീരുമാനമാണ് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ വലിയ തോതില്‍ ജോലി ചെയ്യുന്ന റേഡിയോളജി, മെഡിക്കല്‍ ലബോറട്ടറി, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യന്‍ ഫുഡ് തെറാപ്പി എന്നീ മേഖലകളിലാണ് കൂടുതല്‍ സ്വദേശികളെ നിയമിക്കുക. 2025 ഏപ്രില്‍ 17 മുതല്‍ പുതിയ തീരുമാനം നടപ്പില്‍ വരും. പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ തിരച്ചടിയാവുന്ന തീരുമാനമാണിത്.റേഡിയോളജി പ്രൊഫഷനില്‍ സൗദിവല്‍കരണം 65 ശതമാനമായും മെഡിക്കല്‍ ലബോറട്ടറി പ്രൊഫഷനില്‍ 70 ശതമാനമായും ചികിത്സാ പോഷകാഹാര തൊഴില്‍ മേഖലയില്‍ 80 ശതമാനമായും ഫിസിയോതെറാപ്പി പ്രൊഫഷനില്‍ 80 ശതമാനമായുമാണ് സ്വദേശിവല്‍കരണ തോത് ഉയര്‍ത്തുക. റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അല്‍-ഖോബാര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ എല്ലാ ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ സൗകര്യങ്ങള്‍ക്കും മറ്റ് പ്രദേശങ്ങളിലെ വലിയ ആരോഗ്യ സൗകര്യങ്ങള്‍ക്കും ഇത് തുടക്കത്തില്‍ ബാധകമാകും.പ്രഖ്യാപനത്തിന് ആറു മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തീരുമാനം പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷം രണ്ടാം ഘട്ടം ആരംഭിക്കും. 2025 ഒക്ടോബര്‍ 17 മുതല്‍ സൗദിവല്‍കരണ നിരക്ക് രാജ്യവ്യാപകമായി എല്ലാ ആരോഗ്യ സൗകര്യങ്ങള്‍ക്കും ബാധകമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സ്വകാര്യ മേഖലയിലെ ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്മെന്റ് പ്രക്രിയയെ പിന്തുണയ്ക്കുന്നതും അനുയോജ്യമായ തൊഴിലാളികളെ തിരയുന്നതും ഉള്‍പ്പെടുന്ന സൗദികളെ നിയമിക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് സിസ്റ്റം നല്‍കുന്ന പ്രോത്സാഹനങ്ങളും പിന്തുണാ പരിപാടികളും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രാദേശികവത്ക്കരണം, തൊഴിലുകള്‍, ആവശ്യമായ ശതമാനങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ വിശദീകരിക്കുന്ന ഒരു നടപടിക്രമ ഗൈഡ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി. നിയമം ലംഘിക്കുന്നതവര്‍ക്കെതിരെ കനത്ത പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.