ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിന്റെ ഉത്തരവാദിത്തം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കെന്ന് ഇന്ത്യ. വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് ഇന്ത്യയെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിച്ചത്. ഇന്ത്യക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്ന ട്രൂഡോയുടെ വെളിപ്പെടുത്തല്‍ ഇക്കാര്യത്തില്‍ തെളിവാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയംവ്യക്തമാക്കി.ഈ മാസം 19ന് മുമ്പ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കാനഡയില്‍ നിന്ന് മടങ്ങിയെത്തിയേക്കും. ഇന്ത്യയ്ക്കും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും എതിരായി ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ പിന്തുണക്കുന്ന ഒരു തെളിവും കാനഡ ഹാജരാക്കിയിട്ടില്ല. ഇന്ത്യ-കാനഡ ബന്ധത്തിലുണ്ടായിരിക്കുന്ന വിള്ളലിന്റെ ഉത്തരവാദി ട്രൂഡോ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കാനഡ രംഗത്തെത്തിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇന്ത്യയുടെ പങ്ക് ആദ്യം ഉന്നയിച്ചപ്പോള്‍ ശക്തമായ തെളിവുകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ട്രൂഡോ ബുധനാഴ്ച പ്രതികരിച്ചത്. ആദ്യ ഘട്ടത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ വിവരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു. കേസില്‍ ഇന്ത്യ സ്വീകരിച്ച സമീപനം കാനഡയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്യുന്ന വിധത്തിലാണ്. ഇക്കാര്യത്തിലെ അനൗചിത്യം ഉള്‍ക്കൊള്ളാന്‍ ഇന്ത്യ ഇപ്പോഴും തയ്യാറാകുന്നില്ലെന്നും ട്രൂഡോ വിമര്‍ച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന നിജ്ജാറിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ കാനഡയിലെ ഇന്ത്യന്‍ കമ്മീഷണര്‍ക്കെതിരെ കാനഡ സ്വീകരിച്ച നടപടിയാണ് നയതന്ത്രബന്ധം വീണ്ടും വഷളാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും,ഇന്ത്യയിലെ കാനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു.