സര്‍ക്കാര്‍ ഓഫീസുകളില്‍ ‘ഈവിനിങ് ഷിഫ്റ്റ്’ ; നടപടികള്‍ ആരംഭിക്കാന്‍ കുവൈറ്റ് മന്ത്രിസഭാ യോഗം തീരുമാനമായി

കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ ഓഫീസുകളില്‍ ഈവിനിങ് ഷിഫ്റ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. കുവൈറ്റ് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലിക്കുള്ള നിര്‍ദ്ദേശം നടപ്പാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷനെ കാബിനറ്റ് ചുമതലപ്പെടുത്തി. സര്‍ക്കാര്‍ ഏജന്‍സികളില്‍ സായാഹ്ന ജോലി സമ്പ്രദായം നടപ്പാക്കുന്നത് സംബന്ധിച്ച കമ്മീഷന്റെ നിര്‍ദ്ദേശം സിവില്‍ സര്‍വീസ് കമ്മീഷന്‍ തലവന്‍ ഡോ. ഇസ്സാം അല്‍ റുബൈയാന്‍ കാബിനറ്റില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ അവലോകനത്തിന് ഒടുവിനാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാന്‍ സിവില്‍ സര്‍വീസ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. പൊതുമേഖലയിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക, നടപടിക്രമങ്ങള്‍ ലളിതമാക്കുക, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ മികച്ചതാക്കുക, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.