പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങളുമായി കുവൈറ്റ്; ഒരു വര്‍ഷത്തെ കരാര്‍ ജോലിക്കാര്‍ക്കുള്ള വിസ പുനരാരംഭിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിലനില്‍ക്കുന്ന വര്‍ക്ക് വിസ നിരോധനത്തില്‍ ഇളവുമായി അധികൃതര്‍. രാജ്യത്തെ സര്‍ക്കാറിനു കീഴിലുള്ള വിവിധ കരാര്‍ പ്രവൃത്തികളില്‍ ജോലി ചെയ്യുന്നതിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കരാര്‍ സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഇതിനായി സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള താത്കാലിക വര്‍ക്ക് എന്‍ട്രി വിസകള്‍ ഇഷ്യൂ ചെയ്യുന്നത് ഇന്ന് ഒക്ടോബര്‍ 21 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കാണ് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുക. ഇത്തരം വിസകളുടെ പരമാവധി കാലാവധി ഒരു വര്‍ഷമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ വിപണിയുടെ വഴക്കം വർധിപ്പിക്കുന്നതിനും ഹ്രസ്വകാല തൊഴിലുകള്‍ പൂര്‍ത്തിയാക്കുന്നതിനുമാണ് ഈ തീരുമാനം രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ പുറത്തിറക്കിയ പ്രസ്താവനയില്‍, പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിതൊഴില്‍ വിപണിയെ പരിപോഷിപ്പിക്കുന്നതിനുള്ള കുവൈറ്റിന്‍റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി മന്ത്രാലയം അഭിപ്രായപ്പെട്ടു. നിര്‍ദ്ദേശ പ്രകാരമാണ് താല്‍ക്കാലിക കരാര്‍ ജോലി വിസകള്‍ പുനരാരംഭിക്കാനുള്ള തീരുമാനമായത്.

ഇന്ന് തിങ്കളാഴ്ച മുതല്‍, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഈ വര്‍ക്ക് എന്‍ട്രി വിസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം താല്‍ക്കാലിക കരാര്‍ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ തൊഴിലുടമകള്‍ക്ക് പ്രയോജനം ചെയ്യും. അതോടൊപ്പം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഈ ഹ്രസ്വകാല വിസയുടെ ആനുകൂല്യം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.