അബൂദാബി: യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ചര്‍ച്ച ചെയ്തു.കൂടിക്കാഴ്ചയില്‍, ഷെയ്ഖ് മുഹമ്മദും റഷ്യന്‍ പ്രസിഡന്റും പരസ്പര പരിഗണനയുള്ള നിരവധി പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങൾ ചർച്ച ചെയ്തു. വർത്തമാനകാല സാഹചര്യത്തില്‍, സമാധാനപരമായ പരിഹാരങ്ങളും സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്ന യുഎഇയുടെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ പ്രാദേശിക സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് തടയേണ്ടതിന്റെ ആവശ്യകത ശെയ്ഖ് മുഹമ്മദ് എടുത്തുപറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ ഇരുപക്ഷവും അവലോകനം ചെയ്തു. എല്ലാവര്‍ക്കും സുരക്ഷിതത്വവും സുസ്ഥിരതയും ഉറപ്പാക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി നീതിയുക്തവും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാന്‍ വ്യക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ വേണമെന്നും അദ്ദേഹംവ്യക്തമാക്കി. സമ്പദ്വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ബഹിരാകാശം, ഊര്‍ജം എന്നീ മേഖലകളില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും. എല്ലാ തലങ്ങളിലുമുള്ള ഈ ബന്ധങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.