ദീപാവലി ആഘോഷങ്ങൾ പൊളിക്കും ; ദുബായിൽ രണ്ടാഴ്ച നീളുന്ന ആഘോഷ പരിപാടികൾ

ദുബായ്: ഇത്തവണത്തെ ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കരിമരുന്ന് പ്രദര്‍ശനങ്ങള്‍, വിവിധ സാംസ്‌കാരിക അനുഭവങ്ങള്‍, ഹൃദ്യമായ സംഗീത പരിപാടികൾ, തിയറ്റർ പ്രദർശനങ്ങൾ, സൗജന്യ കമ്മ്യൂണിറ്റി ഇവന്റുകള്‍ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്.
അല്‍ സീഫ്, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ ജനപ്രിയ ഫാമിലി ഡെസ്റ്റിനേഷനുകളില്‍ കരിമരുന്ന് പ്രകടനങ്ങൾ ആകാശത്തെ പ്രകാശപൂരിതമാക്കും. ഒക്ടോബര്‍ 25, 26 തീയതികളില്‍ അല്‍ സീഫില്‍ രാത്രി 9 മണിക്കാണ് ആദ്യ പ്രദര്‍ശനം ഷെഡ്യൂള്‍ ചെയ്തിതിരിക്കുന്നത്. തുടര്‍ന്ന് നവംബര്‍ 1, 2 തീയതികളില്‍ രാത്രി 9 മണിക്ക് ഗ്ലോബല്‍ വില്ലേജിലും കരിമരുന്ന് പ്രയോഗം നടക്കും. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ ഗ്ലോബല്‍ വില്ലേജില്‍ നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു ആഴ്ച നീളുന്ന ദീപാവലി ആഘോഷം ആസ്വദിക്കാം. ഈ ആഘോഷങ്ങളില്‍ വര്‍ണ്ണാഭമായ രംഗോലി കലയും നൃത്ത പ്രകടനങ്ങളും കൂടുതല്‍ വർണാഭമായ വെടിമരുന്ന് പ്രയോഗവും ഉണ്ടാകും.
അല്‍ സീഫിൽ നൂര്‍ ഫെസ്റ്റിവല്‍ അഥവാ വെളിച്ചത്തിൻ്റെ ഉത്സവം എന്ന പേരിൽ ഒക്ടോബര്‍ 25 ന് ടീം വര്‍ക്ക് ആര്‍ട്സ് ക്യൂറേറ്റ് ചെയ്യുന്ന സൗജന്യ സാംസ്‌കാരിക മേളയ്ക്ക് തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സാംസ്‌കാരിക മേളയില്‍ അതിശയിപ്പിക്കുന്ന ലൈറ്റുകള്‍, കലാപരമായ പ്രകടനങ്ങള്‍, സംവേദനാത്മക അനുഭവങ്ങള്‍, ദീപാവലി പ്രമേയത്തിലുള്ള അലങ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടും. പരിപാടികളുടെ ഭാഗമായി പാവ നാടകങ്ങൾ, തിയേറ്റര്‍ ഷോകള്‍, കവിതാലാപനം, സംഗീത പ്രകടനങ്ങള്‍, ഡിസൈന്‍ വര്‍ക്ക്‌ഷോപ്പുകള്‍, പരമ്പരാഗത ഇന്ത്യന്‍ പലഹാരങ്ങളൊരുക്കൽ എന്നിവയും അരങ്ങേറും. 1.8 കിലോമീറ്റര്‍ പ്രൊമെനേഡില്‍ പരന്നുകിടക്കുന്ന ഈ പരിപാടികൾ അല്‍ സീഫിന്റെ പരമ്പരാഗത സൂക്ക്, റെസ്റ്റോറന്റുകള്‍, ബോട്ടിക്കുകള്‍ എന്നിവ പര്യവേക്ഷണം ചെയ്യാനുള്ള അവസരം കൂടിയാണ്.ഇതിഹാസ സംഗീതജ്ഞൻ ജഗ്ജിത് സിങ്ങിനുള്ള ആദരാഞ്ജലിയായി ശിഷ്യൻ തൗസീഫ് അക്തര്‍ നയിക്കുന്ന ദി അണ്‍ഫോര്‍ഗറ്റബിള്‍സ് കച്ചേരി പരമ്പര
ഒക്ടോബര്‍ 26 വരെ ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കും.
ഒക്ടോബര്‍ 26-ന് പുള്‍മാന്‍ ദുബായ് ജുമൈറ ലേക്സ് ടവേഴ്സ് – ഹോട്ടല്‍ & റെസിഡന്‍സില്‍ നടക്കുന്ന ദീപാവലി ഫിയസ്റ്റ എക്സിബിഷനില്‍ ഷോപ്പര്‍മാര്‍ക്ക് എക്സ്‌ക്ലൂസീവ് ദീപാവലി ഷോപ്പിംഗ് അനുഭവം ആസ്വദിക്കാം, കൂടാതെ ഉത്സവ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആക്‌സസറികള്‍, ഹാന്‍ഡ്ബാഗുകള്‍, ഗൃഹാലങ്കാരങ്ങള്‍, ചര്‍മ്മസംരക്ഷണ ഉൽപ്പന്നങ്ങൾ, കരകൗശലവസ്തുക്കള്‍ എന്നിവയും ഇവിടെ ലഭ്യമാക്കും. കൂടാതെ, നവംബര്‍ 8 ന്, സൗരഭ് ശുക്ല എഴുതി സംവിധാനം ചെയ്ത ബാര്‍ഫ് എന്ന ത്രില്ലര്‍ നാടകം സബീല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.