ദുബായ്: ദെയ്‌റ, ബർ ദുബായ് ജില്ലകളെ ബന്ധിപ്പിക്കുന്ന എമിറേറ്റിലെ ഏറ്റവും തിരക്കേറിയ അൽ മക്തൂം പാലം അറ്റകുറ്റപ്പണികൾക്കായി അടുത്ത ഏതാനും മാസത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനപ്പെട്ട അറ്റകുറ്റപ്പണികൾക്കായാണ് പാലം നിശ്ചിത സമയങ്ങളിൽ അടച്ചിടുന്നതെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യക്തമാക്കി.വാർഷിക നവീകരണത്തിനായി പാലം പൂർണമായി അടച്ചിട്ടില്ലെന്ന് ആർ ടി എ അറിയിച്ചു. ക്ടോബർ 27 ഞായറാഴ്ച മുതൽ 2025 ജനുവരി 16 വരെ പാലം ഭാഗികമായാണ് അടച്ചിടുക. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാത്രി 11 മുതൽ രാവിലെ 5 വരെയും ഞായറാഴ്ചകളിൽ 24 മണിക്കൂറും പാലം അടച്ചിടും.
പാലം താൽക്കാലികമായി അടച്ചിടുമെങ്കിൽ ധാരാളം ബദൽ റൂട്ടുകൾ ആർ ടി എ നിർദ്ദേശിച്ചിട്ടുണ്ട്.
- അൽ ഗർഹൂദ് പാലം: ശെയ്ഖ് സായിദ് റോഡ് (E11), ബനിയാസ് റോഡ് (D85), ശെയ്ഖ് റാഷിദ് റോഡ് (D75), ഔദ് മേത്ത റോഡ് (D79) എന്നിവ വഴി യാത്ര ചെയ്യുന്നവർക്ക് എടുക്കാവുന്ന ബദൽ പാലമാണിത്.
- ബിസിനസ് ബേ പാലം: അൽ ഖൈൽ റോഡിലൂടെ (D68) വാഹനമോടിക്കുന്നവർക്ക് ഈ പാലം ഉപയോഗിക്കുന്നതാവും കൂടുതൽ എളുപ്പം. ബനിയാസ് റോഡ് (D85), ശെയ്ഖ് റാഷിദ് റോഡ് (D75), റിബാത്ത് സ്ട്രീറ്റ് (D83), ഔദ് മേത്ത റോഡ് (D79) എന്നിവ വഴി യാത്ര ചെയ്യുന്നവർക്കും ഈ പാലം ഉപയോഗിക്കാം.
- അൽ ഷിന്ദഗ ടണൽ: ദെയ്‌റയിലേക്കും ബർ ദുബായിലേക്കും സെൻട്രൽ മാർക്കറ്റുകളിലേക്കും സമീപപ്രദേശങ്ങളിലേക്കും പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ റൂട്ടാണ് കൂടുതൽ അനുയോജ്യം. അൽ ഖലീജ് സ്ട്രീറ്റ് (D92), ബനിയാസ് റോഡ് (D85) വഴിയുള്ള യാത്രക്കാർക്കും ഈ തുരങ്കം വഴി പോകാം.
- ഇൻഫിനിറ്റി ബ്രിഡ്ജ്: അൽ മക്തൂം പാലത്തിൻ്റെ സമീപ പ്രദേശങ്ങളിലുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു റൂട്ടാണിത്. അൽ ഷിന്ദഗ ടണലിന് സമീപം സ്ഥിതി ചെയ്യുന്ന, ഇൻഫിനിറ്റി ബ്രിഡ്ജ് റോഡ് (D85), അൽ ഖലീജ് സ്ട്രീറ്റ് (D92), ഖാലിദ് ബിൻ അൽ വലീദ് റോഡ് (D79) എന്നിവയിലാണെങ്കിൽ നിങ്ങൾക്ക് പുതുതായി നിർമ്മിച്ച ഈ പാലം വഴി യാത്ര ചെയ്യാം.