ദുബായ്: യുഎഇയിലെ പുതിയ ട്രാഫിക് നിയമം പ്രകാരം 80 കിലോമീറ്ററും അതിൽ കൂടുതലും വേഗപരിധിയുള്ള റോഡുകൾ അനുവദിക്കപ്പെടാത്ത ഇടങ്ങളിലൂടെ മുറിച്ചുകടക്കുന്നതുവഴി ഉണ്ടാകുന്ന അപകടങ്ങൾക്ക് കാൽനടയാത്രക്കാരായിരിക്കും ഉത്തരവാദികളാവുക.ഇതുമായി ബന്ധപ്പെട്ട സിവിൽ, ക്രിമിനൽ ബാധ്യതകൾ നിയമം ലംഘിച്ച കാൽനട യാത്രക്കാരൻ്റെ മേൽ വരും. അപകടം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടതാണ് സിവിൽ ബാധ്യതകൾ. അതേസമയം ക്രിമിനൽ ബാധ്യത നിയമം ലംഘിച്ചതിനുള്ള ശിക്ഷയുമായി ബന്ധപ്പെട്ടതാണ്. ഒരു കാൽനടയാത്രക്കാരൻ നിയുക്തമല്ലാത്ത സ്ഥലത്ത് നിന്ന് റോഡ് മുറിച്ചു കടക്കുകയാണെങ്കിൽ, അവരുടെ പരിക്കുകൾക്ക് അവർ തന്നെയായിരിക്കും ഉത്തരവാദി. അതായത് അവർക്ക് ഡ്രൈവറിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ കഴിയില്ല. അതേസമയം, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് അവർക്ക് ക്രിമിനൽ ശിക്ഷകൾ നേരിടേണ്ടിയും വരും. അപകടത്തിൻ്റെ ഫലമായി വാഹനങ്ങൾക്കോ മറ്റ് സ്വത്തുവകകൾക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങളും സിവിൽ പിഴകളിൽ ഉൾപ്പെടും. അതായത് അപകടത്തിൽ ഡ്രൈവർക്ക് പരിക്കോ വാഹനത്തിന് കേടുപാടോ സംഭവിച്ചാൽ അതുമൂലമുണ്ടാവുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്തം നിയമം ലംഘിച്ച് റോഡ് മുറിച്ചുകടന്ന വ്യക്തിയുടെ മേലിൽ വന്നേക്കാം; പ്രത്യേകിച്ച് ഡ്രൈവറുടെ ഭാഗത്ത് തെറ്റുകൾ ഉണ്ടായിട്ടില്ലെങ്കിൽ.
കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പുതിയ ട്രാഫിക് നിയമം അനുസരിച്ച് 80 കിലോമീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള റോഡുകൾ മുറിച്ചു കടക്കുന്നവർക്ക് മൂന്ന് മാസത്തിൽ കുറയാത്ത തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും. നിലവിൽ ലംഘനത്തിന് 400 ദിർഹം പിഴയാണ് ശിക്ഷ. അതാണ് 5,000 ദിർഹം മുതൽ 10,000 ദിർഹം വരെ ഉയർത്തിയത് കൂടാതെ മൂന്നു മാസം വരെ തടവും.