അബുദാബി: ചെറിയ വാഹനാപകടങ്ങളിൽ വാഹനങ്ങൾ റോഡിൽനിന്ന് നീക്കുന്നത് ഇതുമായി ബന്ധപ്പെട്ട കേസിനെയോ ബാധ്യതാ നിർണയത്തെയോ ബാധിക്കില്ലെന്ന് അബുദാബി ട്രാഫിക് അധികൃതർ വ്യക്തമാക്കി. സുരക്ഷിതമായ ഡ്രൈവിങ് മര്യാദകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി പോലീസിന്റെ ഈ ഓർമപ്പെടുത്തൽ. ചെറിയ അപകടത്തിന് ശേഷം വാഹനങ്ങൾ റോഡിൽനിന്ന് മാറ്റാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
ചെറിയ അപകടങ്ങളുണ്ടായ റോഡുകളിൽനിന്ന് വാഹനങ്ങൾ മാറ്റാതിരിക്കുകയും അതുവഴി മറ്റു വാഹനങ്ങളുടെ സഞ്ചാരത്തിന് തടസ്സമാവുകയും ചെയ്യുന്ന കേസുകളിലാണ് പിഴ ഈടാക്കുക. ചെറിയ അപകടങ്ങൾക്കു കാരണമായ വാഹനം മാറ്റാതിരുന്നാൽ തുടർന്നുള്ള വൻ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്നും അപകടമുണ്ടായ ഉടൻതന്നെ റോഡ് ക്ലിയർ ചെയ്തിരുന്നെങ്കിൽ തുടർന്നുണ്ടാവുന്ന വലിയ അപകടങ്ങൾ ഒഴിവാക്കാമായിരുന്നെന്നും പോലീസ് ചൂണ്ടിക്കാട്ടി.