പൊതുമാപ്പ് രണ്ട് മാസത്തേക്ക് നീട്ടി യുഎഇ

ദുബായ്: യുഎഇയുടെ 53-ാമത് യൂണിയന്‍ ദിനാഘോഷം പ്രമാണിച്ച് പൊതുമാപ്പ് സമയപരിധി നീട്ടാൻ തീരുമാനമെടുത്തതായി ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി അറിയിച്ചു. പൊതുമാപ്പ് കാലാവധിയായ ഒക്ടോബർ 1ന് വലിയ തിരക്കാണ് പൊതുമാപ്പ് കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. പുതുക്കിയ തീയതി പ്രകാരം 2024 ഡിസംബര്‍ 31-നാണ് പൊതുമാപ്പ് സമയപരിധി അവസാനിക്കുക.പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കായി വിപുലമായ സംവിധാനങ്ങള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി)യും, ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആര്‍എഫ്എ) ചേര്‍ന്ന് ഒരുക്കും. നിലവിലുള്ള സംവിധാനങ്ങൾ തുടരും.
പുതുക്കിയ കാലയളവിനുള്ളിൽ വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് രാജ്യം വിടാനുള്ള തീരുമാനമെടുക്കുകയോ, വിസ രേഖകൾ ക്രമപ്പെടുത്തി രാജ്യത്ത് തുടരുകയോ, പുതിയ ജോലി കണ്ടെത്തുകയോ ഒക്കെയാവാം. ഇതിന് ഈ കാലയളവിൽ പിഴയോ മറ്റ് ശിക്ഷകളോ നേരിടേണ്ടി വരില്ല.ഇത് അവസാന ചാൻസ് ആണെന്നാണ് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറയുന്നത്. ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും, നിയമലംഘനത്തിന് പിടിയിലായി പ്രശ്നങ്ങളിൽ അകപ്പെടരുതെന്നും അധികാരികൾ വ്യക്തമാക്കി .നിയമലംഘകർക്കെതിരായ പിഴകളും ശിക്ഷാ നടപടികളും 2025 ജനുവരി 1ന് വീണ്ടും പ്രാബല്യത്തില്‍ വരും.