കുവൈറ്റ് സിറ്റി: ശനിയാഴ്ച വൈകുന്നേരം വരെ ഇടിമിന്നലിനുള്ള സാധ്യതയോടുകൂടിയ മിതമായതോ കനത്തതോ ആയ മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തെക്കുകിഴക്കു ഭാഗത്തു നിന്ന് ശക്തമായ കാറ്റ് അടിച്ചുവീശാനും സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അസ്ഥിരമായ കാലാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് സുരക്ഷാ മുന്നറിയിപ്പ് നല്കി. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഫയര്‍ സര്‍വീസ് വിഭാഗം സജ്ജമാണെന്നും ഏതെങ്കിലും രീതിയിലുള്ള സഹായം ആവശ്യമുള്ളവര്‍ക്ക് ഫയര്‍ സര്‍വീസിനെ ബന്ധപ്പെടാമെന്നും പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ 112 എന്ന ഹോട്ട്ലൈന്‍ മുഖേന ലഭ്യമാകും.ഞായറാഴ്ച മുതല്‍ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.