റിയാദ് : സൗദി തലസ്ഥാന നഗരത്തിലെ ‘റിയാദ് പാർക്കിങ്’ പദ്ധതി ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു . വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട് അൽ വുറൂദ് ഡിസ്ട്രിക്റ്റിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിയാദ് മുനിസിപ്പാലിറ്റി വ്യക്തമാക്കി . ക്രമരഹിതമായ വാഹനങ്ങൾ പാർക്കിങ് ചെയ്യുന്ന രീതികൾ അവസാനിപ്പിക്കാനും പാർപ്പിട കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളുടെ വരവ് കുറക്കാനും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും പാർക്കിങ് സംവിധാനം സഹായിക്കും.അമീർ അഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡ്, അമീർ സുൽത്താൻ ബിൻ സൽമാൻ റോഡ് തുടങ്ങിയ റോഡുകളോട് ചേർന്നുള്ള പ്രധാന സ്ട്രീറ്റുകളിൽ പാർക്കിങ് സ്ഥലമൊരുക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ‘റിയാദ് പാർക്കിങ്’ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവ എങ്ങനെ ഉപയോഗിക്കാമെന്നും ജനങ്ങളെ ബോധവൽക്കരിക്കും. അതിനായി പ്രത്യേക കാമ്പയിനുകൾ സംഘടിപ്പിക്കും. താമസക്കാർക്ക് അവരുടെ വീടുകൾക്ക് സമീപം പാർക്കിങ് ഉപയോഗിക്കുന്നതിന് പ്രത്യേക പെർമിറ്റുകൾ നൽകുമെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.ആദ്യ ഘട്ടത്തിൽ നഗരത്തിലെ വിവിധ ഡിസ്ട്രിക്റ്റുകളിൽ 12 പാർക്കിങ് ഏരിയകളാണ് നിർമിക്കുന്നത്. ഈ പാർക്കിങ് പദ്ധതിക്ക് രണ്ട് പ്രധാന ഭാഗങ്ങളാണുണ്ടാവുക. തെരുവുകളിൽ പണമടച്ചുള്ള പാർക്കിങ്, താമസ കേന്ദ്രങ്ങളിലെ നിയന്ത്രിത പാർക്കിങ് എന്നിങ്ങനെയാണ് രണ്ടായി തിരിക്കുക. നിയന്ത്രിത പാർക്കിങ് ലോട്ടുകൾക്ക് 60 ശതമാനത്തിൽ കുറയാത്ത പെർമിറ്റ് ഇഷ്യു ചെയ്യാനും ശ്രമിക്കും. റിയാദ് പാർക്കിങ് ആപ്ലിക്കേഷൻ വഴിയാണ് താമസക്കാർക്ക് പെർമിറ്റുകൾ നൽകുകെയന്നും മുനിസിപ്പാലിറ്റി പറഞ്ഞു. ജനങ്ങൾക്ക് പാർക്കിങ് സംവിധാനവുമായി ക്രമേണ പൊരുത്തപ്പെടാൻ മതിയായ സമയം നൽകും.