“ഒരു സായാഹ്ന നടത്തത്തിൽ, ഒരു തസ്കരനെ പിടിച്ചപ്പോൾ”

By: meruvin karunagapally

ശ്രീ. എഴുമറ്റൂർ രാജരാജവർമ്മ (സാഹിത്യകാരൻ)

1994-95 കാലഘട്ടം, തിരുവനന്തപുരം നഗരത്തിലൂടെയുള്ള എൻറെ സായാഹ്ന നടത്തത്തിന് പുറപ്പെട്ടു, എൻറെ ഗുരു തുല്യനായ ഉള്ള ഒരു വ്യക്തിയുടെ വീടിനുമുന്നിൽ ഞാൻ എത്തി. അപ്പോൾ അവിടെ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളായ രണ്ട് സ്ത്രീകൾ വളരെ വിഷമിച്ചിരിക്കുന്നതായി കണ്ടു, കാര്യമന്വേഷിച്ചപ്പോൾ അവിടെ ഒരു മോഷണം നടന്നിരിക്കുകയാണ്. അവർക്ക് പോലീസിൽ പറയാൻ ഭയമാണ്.പോലീസ് വന്നാൽ എന്താണ് സംഭവിക്കുക എന്നുള്ള ആശങ്കയിലാണ്. ഞാൻ അപ്പോൾ തന്നെ അവിടെയുള്ള ലാൻഡ് ഫോണിൽ നിന്നും കേരള പോലീസ് മുൻ ഡിജിപി ആയിരുന്ന ശ്രീ എം കെ ജോസഫ് ഐപിഎസ് അവർകളെ വിളിച്ചു. ഞാൻ ഏതു കാര്യത്തിനും ആദ്യം വിളിക്കുന്നത് ജോസഫ് സാറിനെ ആണ്. ഞാൻ അദ്ദേഹത്തിനെ വിളിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത്, പുറത്തുനിന്നു അവർ, വന്നപ്പോൾ മുതൽ പോയപ്പോൾ വരെയുള്ള Modes- Operandi കൃത്യമായിട്ട് കുടുംബാംഗങ്ങളോട് ചോദിച്ചതിനു ശേഷം, തിരിച്ച് അദ്ദേഹത്തിന് വിളിക്കാൻ പറഞ്ഞു. ഞാൻ കാര്യങ്ങളെല്ലാം ചോദിച്ചതിനു ശേഷം ജോസഫ് സാറിനെ വിളിച്ച് കൃത്യമായി വിവരങ്ങൾ പറഞ്ഞു. അദ്ദേഹം എന്നോട് അവിടെ നിന്ന് പോകരുതെന്നും ആ വീട്ടിൽ തന്നെ തുടരുവാനും പറഞ്ഞു. രണ്ടര മണിക്കൂർ കഴിഞ്ഞതിനു ശേഷം ഒരു എസ്ഐയും രണ്ട് പോലീസുകാരും ആ വീട്ടിൽ വന്നു, ഒരു ചിത്രം കാണിച്ചതിനു ശേഷം അവരോട് ചോദിച്ചു ഈ സ്ത്രീയാണോ ഇവിടെ വന്നത് അവർ അതെ എന്ന് പറഞ്ഞു. ഈ വളയാണോ നിങ്ങളുടേതെന്ന് ചോദിച്ചു , കുടുംബാംഗങ്ങൾ അതിനും അതേ എന്ന് മറുപടി പറഞ്ഞു, കുറച്ചു രൂപ അവർ ആഹാരം കഴിക്കുവാനും വസ്ത്രം മേടിക്കുവാനും ഉപയോഗിച്ചു, ബാക്കി രൂപ ഇതിൽ ഉണ്ട് എന്ന് പറഞ്ഞു ഒരു ബാഗും തിരിച്ച് ഏൽപ്പിച്ചു, വന്ന പോലീസ് ഉദ്യോഗസ്ഥർ മടങ്ങി.എം കെ ജോസഫ് സാർ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ തിരുവനന്തപുരം സിറ്റി കണ്ടോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണർ ശ്രീമുകുന്ദനെയാണ് ഈ വിവരം വിളിച്ചു പറഞ്ഞത്. മുകുന്ദൻ ആണ് ഈ വിഷയം വളരെ ഭംഗിയായി കൈകാര്യം ചെയ്തതെന്നും എം കെ ജോസഫ് സാർ, പിന്നീട് എന്നോട് പറഞ്ഞു. ഈ സംഭവം കഴിഞ്ഞ് ഏതാണ്ട് ഒരാഴ്ച കഴിഞ്ഞ് ഞാൻ മുകുന്ദനെ ഓഫീസിൽ പോയി കാണുകയുണ്ടായി. ഞാൻ ചെല്ലുമ്പോൾ മുകുന്ദൻ റേഡിയോയിൽ മധുസൂദനൻ നായരുടെ ഒരു കവിത കേട്ടുകൊണ്ടിരിക്കുകയായിരുന്നു. മുകുന്ദൻ ഓഫീസിൽ എപ്പോഴും ഒരു റേഡിയോ കരുതിയിരിക്കുമായിരുന്നു എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. എന്നോട് വളരെ സ്നേഹമായും സൗഹൃദപരമായാണ് മുകുന്ദൻ സംസാരിച്ചത്. എം കെ ജോസഫ് സാറിനോട് മുകുന്ദന് ഉള്ള ബഹുമാനവും ആദരവും മുകുന്ദന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി. അപ്പോൾ മറ്റൊരു കാര്യം കൂടി മുകുന്ദൻ എന്നോട് പറഞ്ഞു. എം കെ ജോസഫ് സാർ ഒരു ടെലിഫോൺ അറ്റൻഡ് ചെയ്യുമ്പോൾ ആദ്യം ‘ഹലോ’ എന്ന് പറയുന്നതിന് പകരം അദ്ദേഹത്തിൻറെ പേരായ ‘എം കെ ജോസഫ്’ എന്നാണ് പറയുന്നത്. ഈ ശൈലി അദ്ദേഹത്തിൽ നിന്നും താനും കണ്ടു പഠിച്ചിട്ടുണ്ട് എന്ന് മുകുന്ദൻ എന്നോട് പറഞ്ഞു, അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് മുകുന്ദനും ഫോണെടുത്താൽ ആദ്യം ‘ഹലോ’ എന്നല്ല പറയുന്നത്, ‘മുകുന്ദൻ’ എന്ന പേര് മാത്രമാണ് പറയുന്നത്.
ഞങ്ങൾ രണ്ടുപേരും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഒരു വാറണ്ട് കേസിൽ അറസ്റ്റിലായ പ്രതിയെ മുകുന്ദൻറെ മുമ്പിൽ കൊണ്ടുവന്നു, എന്നോട് സംസാരിച്ചുകൊണ്ടിരുന്ന മുകുന്ദൻറെ സൗമ്യമായ ഭാവമൊക്കെ മാറി വളരെ രൗദ്രഭാവത്തിലാണ് ആ പ്രതിയോട് മുകുന്ദൻ സംസാരിച്ചത്. മുകുന്ദൻ പറഞ്ഞത്, ഇങ്ങനെയാണ്. “കോടതി സമൻസ് അയച്ചിട്ട് നീ ചെല്ലാത്തതുകൊണ്ടാണ് നിനക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്, വാറണ്ട് നടപ്പാക്കാനായി എൻറെ സബ് ഇൻസ്പെക്ടർ നിൻറെ വീട്ടിൽ മൂന്നുദിവസമായി കയറിയിറങ്ങുന്നു, രാത്രിയും പകലും. “ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സമയം ഒരു ഡോക്ടറുടെ സമയം പോലെ വിലപ്പെട്ടതാണ് എന്നുള്ള കാര്യം നിനക്കറിയാമോ?” എന്നും പ്രതിയോട് മുകുന്ദൻ ആക്രോശിച്ചു കൊണ്ട് ചോദിച്ചു. മുകുന്ദൻ വീണ്ടും തുടർന്നു “സമൻസ് അയച്ചിട്ട് ചെല്ലാത്തതു കൊണ്ടാണ് മജിസ്ട്രേറ്റ്, പോലീസ് മുഖാന്തരം വാറണ്ടിയച്ച് പിടിപ്പിക്കുന്നത്. നിനക്ക് ഈ നാട്ടിലെ കോടതിയെയും പേടിയില്ല നിയമത്തിനെയും പേടിയില്ല പോലീസിനെയും പേടിയില്ല അല്ലേ… ഡാ”
“നീ ഇത് മൂന്നിനെയും അനുസരിക്കുന്നത് നിനക്ക് ഞാൻ കാണിച്ചു തരാം” എന്നും മുകുന്ദൻ അട്ടഹസിച്ചു കൊണ്ട് പറഞ്ഞു.ഈ പ്രതി ഏഴോ എട്ടോ കേസിലോ മറ്റോ പ്രതിയാണ്, പക്ഷേ മുകുന്ദൻറെ മുമ്പിൽ പേടിച്ചുവിറച്ച് ഒരു പൂച്ചയെ പോലെയാണ് ഇപ്പോൾ അയാൾ നിൽക്കുന്നത്. ആ പ്രതിയെ മുറിക്ക് പുറത്തേക്കു കൊണ്ടുപോകാൻ ഒരു ഹെഡ് കോണ്സ്റ്റബിളിനോട് പറഞ്ഞു. എന്നിട്ട് വീണ്ടും എന്നോട് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ വളരെ സൗമ്യമായിട്ടും സൗഹൃദ സൗഹാർദപരമായിട്ടും സംസാരം തുടർന്നു. മുൻ ഡിജിപി എം കെ ജോസഫ്   ഐപിഎസ് (ഒരു ചടങ്ങിൽ  പ്രസംഗിക്കുന്ന ചിത്രം)

എം കെ ജോസഫ് സാർ കേരള പോലീസിൽ സ്പോർട്സിന് ഏറ്റവും അധികം പ്രാധാന്യം കൊടുത്തിട്ടുള്ള ഉദ്യോഗസ്ഥനാണ് എന്നും 1982 മുതൽ 87 വരെ അദ്ദേഹം ഡിജിപി ആയിരുന്നപ്പോൾ താൻ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു എന്നും മുകുന്ദൻ എന്നോട് പറഞ്ഞു.മുകുന്ദൻ തൻറെ കുടുംബ കാര്യങ്ങളും അന്ന് സംസാരിക്കുകയുണ്ടായി മുകുന്ദൻറെ അച്ഛൻറെ ആർ എം നാരായണൻ, ഒരു അധ്യാപകനായിരുന്നു എന്നും എനിക്ക് മനസ്സിലായി, അദ്ദേഹം കുമാരനാശാൻറെ കവിതകൾ മുഴുവൻ മനപ്പാഠമാക്കി ചൊല്ലുമായിരുന്നു എന്നും മുകുന്ദൻ എന്നോട് പറഞ്ഞു. കുമാരനാശാൻറെ പേരിൽ ആശാൻ മെമ്മോറിയൽ എന്ന പേരിൽ ഒരു സ്കൂൾ തൻറെ സ്ഥലമായ വർക്കല വെട്ടൂരിൽ അച്ഛനും സുഹൃത്തുക്കളും ചേർന്ന് സ്ഥാപിച്ച കാര്യവും മുകുന്ദൻ എന്നോട് പറയുകയുണ്ടായി. “അപ്പോൾ സാഹിത്യവുമായി ബന്ധമുണ്ട് അല്ലേ” എന്ന് ഞാൻ മുകുന്ദനോട് ചോദിക്കുകയും ചെയ്തു. മുകുന്ദൻ അതിന് ഒരു നിറഞ്ഞ ചിരിയാണ് എനിക്ക് മറുപടിയായി നൽകിയത്.മുകുന്ദന് കുതിരസവാരിയിൽ ഉള്ള കമ്പത്തെപ്പറ്റിയും ഞങ്ങൾ സംസാരിക്കുകയുണ്ടായി, മുകുന്ദന്റെ മകന് ‘അശ്വന്ത്’ എന്ന പേരിട്ടതിന് കാരണവും ഈ അശ്വാരൂഢ സേനയോടുള്ള കമ്പത്തിൽ നിന്നുമാണ് എന്നും എനിക്ക് സംസാരം മധ്യേ മനസ്സിലായി. അതുമാത്രമല്ല 1962ലെ ഇന്ത്യ ചൈന യുദ്ധത്തിൽ, ഇന്ത്യക്കുവേണ്ടി പോരാടിയ ധീരനായ സൈനികനായ ‘ജസ്വന്ത് സിംഗ് റാവത്ത്’ എന്ന ഉദ്യോഗസ്ഥന്റെ പേരും ‘അശ്വം’ എന്ന വാക്കും ചേർത്താണ് മകന് ‘അശ്വന്ത് മുകുന്ദൻ’ എന്ന പേരിട്ടത് എന്നും മുകുന്ദൻ എന്നോട് പറയുകയുണ്ടായി, ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ മുകുന്ദന് ഒരു ടെലിഫോൺ വരികയുണ്ടായി, എന്തോ അത്യാവശ്യമായ ഔദ്യോഗിക കാര്യമാണ്, മുകുന്ദൻ എന്നോട് പോകുന്നതിനു മുമ്പായി പറഞ്ഞു, “പോലീസ് സഹായം എപ്പോൾ ആവശ്യമുണ്ടെങ്കിലും എന്നെ ടെലിഫോണിൽ ബന്ധപ്പെട്ടാൽ മതി” “ഞാൻ പൊയ്ക്കോട്ടെ” എന്നും മുകുന്ദൻ എന്നോട് അനുവാദവും ചോദിച്ചു. അത് എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ്. മുകുന്ദൻ പോയ ശേഷം ഞാൻ മുറിക്ക് പുറത്തിറങ്ങിയപ്പോൾ അവിടെനിന്ന് ഹെഡ്കോൺസ്റ്റബിൾ സദാശിവൻ എന്ന പേരുള്ള ആളാണെന്നാണ് എൻറെ ഓർമ്മ, പുള്ളി എന്നോട് പറഞ്ഞു “ഏഴുമാറ്റൂർ സാർ അകത്ത് മുറിയിൽ ഇരുന്നതുകൊണ്ടാണ് പ്രതിക്ക് അടി കിട്ടാതിരുന്നത്. ഇല്ലെങ്കിൽ മുകുന്ദൻ സാർ ഇവനെ തൂക്കിയെടുത്ത് ചുവരിൽ അടിച്ചേനെ” ഇത് കേട്ട പ്രതി, ഉടനെ തന്നെ എന്നെ ഒന്ന് താണു വണങ്ങി തൊഴുതു. അതു കണ്ട് എനിക്ക് യഥാർത്ഥത്തിൽ ചിരിയാണ് വന്നത്.
മുകുന്ദനെ ഒരിക്കൽ പരിചയപ്പെട്ടവർക്ക് ആർക്കും മറക്കാൻ സാധിക്കുകയില്ല. മുകുന്ദന്റെ മകൻ അശ്വന്ത് മുകുന്ദൻ എന്നെ ഇടയ്ക്ക് വന്ന് കാണാറുണ്ട്, എന്നെ മാത്രമല്ല മുകുന്ദനുമായി മാനസിക അടുപ്പമുണ്ടായിരുന്ന എല്ലാവരെയും അശ്വന്ത് പോയി കാണുന്നുണ്ട്. അത് വളരെ നല്ല ഒരു കാര്യവുമാണ്. അശ്വന്ത് ഇപ്പോൾ പോലീസ് ഹെഡ് കോർട്ടേഴ്സിൽ ക്ലാർക്ക് ആയി ജോലി നോക്കുന്നു. സബ് ഇൻസ്പെക്ടർ പോസ്റ്റിലേക്ക് വരാനുള്ള  ശ്രമത്തിലാണ്.

(ഇന്ന് എൻ. ശ്രീമുകുന്ദന്റെ ഇരുപത്തിയേഴാം ചരമവാർഷികമാണ് 06/11/2024)