ന്യൂ ഹൊറൈസൺ സ്കൂൾ വിദ്യാർത്ഥികൾ കാൻസർ രോഗികൾക്ക് മുടി ദാനം നൽകി

മനാമ: ന്യൂ ഹൊറൈസൺ സ്കൂളിൽ പഠിക്കുന്ന മഹ്മൂദാ കരിം, കാദറിൻ ഫെർണാണ്ടസ്, സദാന സർവണകുമാർ, ഷംസ സലാഹുദീൻ, ശ്രുതിക ശിവാനി, കാവേരി ലക്ഷ്മി കണ്ണൻ എന്നിവർ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തങ്ങളുടെ മുടി ദാനം ചെയ്തു. സ്കൂൾ കോർഡിനേറ്റേഴ്‌സ് കവിതയും, ലിജി ശ്യാമും ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ കുട്ടികളോടൊപ്പം എത്തി മുടി കൈമാറി. ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൾറഹ്മാൻ ഫക്രൂ, എക്സിക്യൂട്ടീവ് മാനേജർ അഹമ്മദ് അലി അൽ നോവാഖ്ദ എന്നിവർ ഏറ്റുവാങ്ങി. കാൻസർ കെയർ ഗ്രൂപ്പ് പ്രതിനിധി പ്രവീഷ് പ്രസന്നൻ സന്നിഹിതനായിരുന്നു.കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് സൗജന്യമായി നൽകുന്ന ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുടെ ഉദ്യമത്തിൽ പങ്കാളികളായ ന്യൂ ഹൊറൈസൺ സ്കൂളിനെ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർ അനുമോദിച്ചു.