കൊച്ചി: പ്രവാസി ലീഗൽ സെൽ “സുരക്ഷിത കുടിയേറ്റം” എന്ന വിഷയത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴിന് സൂമിൽ വെബ്ബിനാർ സംഘടിപ്പിച്ചു. മലേഷ്യയിൽ നിന്നുള്ള ലോക കേരള സഭാ പ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ട് എഴുതിയ “ബോർഡിംഗ് പാസ്” എന്ന പുസ്തകത്തിനെ പ്രമേയമാക്കി നടത്തിയ വെബ്ബിനാർ റിട്ടയേർഡ് ജഡ്ജിയും മുൻ കേരളാ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സനുമായ പി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെല്ലിൻറെ ഗ്ലോബൽ പ്രസിഡണ്ടും സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് എബ്രഹാം അധ്യക്ഷനായിരുന്ന ചടങ്ങിൽ എറണാംകുളം ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡി.ബി.ബിനു മുഖ്യാതിഥിയായിരുന്നു. മലേഷ്യൻ പ്രവാസികളുടെ പശ്ചാത്തലത്തിൽ എഴുതിയ തൻറെ പുസ്തകത്തിലെ അനുഭവങ്ങളെക്കുറിച്ചും സുരക്ഷിത കുടിയേറ്റമെന്ന വിഷയത്തിൽ അവയുടെ പ്രാധാന്യങ്ങളെക്കുറിച്ചും ആത്മേശൻ പച്ചാട്ട് സംസാരിച്ചു. പ്രവാസി ലീഗൽ സെൽ കേരളാ സ്റ്റേറ്റ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുരളീധരൻ ആശംസയും, പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ പ്രസിഡണ്ടും പബ്ലിക് റിലേഷൻസ് ഓഫീസറുമായ സുധീർ തിരുനിലത്ത് നന്ദിയും പ്രകാശിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി അൻപതിലധികം പേർ പങ്കെടുത്ത വെബ്ബിനാറിൽ സുരക്ഷിത കുടിയേറ്റമെന്ന വിഷയത്തിൽ മനുഷ്യക്കടത്ത് തടയാൻ സർക്കാർതലത്തിൽ ഏകീകൃത നിയമ സംവിധാനം നടപ്പിലാക്കണമെന്ന് ഏകകണ്ഠേന ആവശ്യപ്പെട്ടു. ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചു വരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിൻറെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്.