കൊച്ചി: മുത്തൂറ്റിന്റെ കീഴിലുളള ധനകാര്യ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. പണയ സ്വർണം ലേലം ചെയ്ത ഇടപാടിൽ മാത്രം 150 കോടി രൂപയുടെ തിരിമറിയാണ് മുത്തൂറ്റ് ഫിനാൻസിൽ മാത്രം തിരിച്ചറിഞ്ഞത്. കോടികളുടെ ബിനാമി നിക്ഷേപവും മൂന്ന് ധനകാര്യസ്ഥാപനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
വ്യത്യസ്ഥ മാനേജ്മെന്റുകളുടെ കീഴിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിനാൻസ്, മൂത്തൂറ്റ് ഫിൻ കോർപ്, മിനി മുത്തൂറ്റ് എന്നിവിടങ്ങളിലായിരുന്നു ആദായ നികുതി വകുപ്പിന്റെ രാജ്യ വ്യാപക റെയ്ഡ്. മുത്തൂറ്റ് ഫിനാൻസിൽ മാത്രം 150 കോടി രൂപയുടെ തിരിമറി കണ്ടെത്തിയതായി കേന്ദ്ര ഏജൻസി അറിയിച്ചു. പണയം സ്വർണം ലേലം ചെയ്ത ഇടപാടിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. റിസർവ് ബാങ്ക് ചട്ടമനുസരിച്ച് പണയം സ്വർണം ലേലം ചെയ്യുമ്പോള്‍ അതിന്റെ യഥാർഥ ഉടമസ്ഥനെ അറിയിക്കണം. ധനകാര്യസ്ഥാപനത്തിന് കിട്ടാനുളള പണം കഴിച്ച് ബാക്കി ലേലത്തുക ഉടമക്ക് തികരികെക്കൊടുക്കണം.
എന്നാൽ ആറുവർഷത്തെ മുത്തൂറ്റ് ഫിനാൻസിന്റെ കണക്കുകൾ നോക്കിയപ്പോൾ പണയത്തിലും ലേല ഇടപാടിലും യഥാർഥ കണക്കുകളല്ല ഉളളതെന്ന് വ്യക്തമായി. ഈയിനത്തിൽ മാത്രമാണ് 150 കോടിയുടെ ക്രമക്കേടുളളത്. മൂന്ന് ധനകാര്യസ്ഥാപനങ്ങളിലും കോടികളുടെ ബിനാമി നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പട്ടിക തയാറാക്കിയെന്നും യഥാർഥ നിക്ഷേപകരെ കണ്ടെത്താൻ ഇപ്പോഴത്തെ വിലാസക്കാർക്ക് നോട്ടീസ് അയക്കുമെനന്നും ഉദ്യോഗസ്ഥർ അറിയിച്ചു.