കലയും കണക്കും സമന്വയിക്കുന്ന ചരടു പിന്നിക്കളിയുമായി ശ്രാവണം

മനാമ: അന്യംനിന്നുകൊണ്ടിരിക്കുന്ന പരമ്പരാഗത സംഘ നൃത്തകലയായ ചരടു പിന്നിക്കളിയുടെ മെഗാ അവതരണത്തിന് ബഹ്റൈനിൽ വേദിയൊരുങ്ങുന്നു. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ‘ശ്രാവണത്തോടനുബന്ധിച്ച്’ സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 7:30-ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് ഈ അപൂർവ കലാവിരുന്ന് അരങ്ങേറുന്നത്. സമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ മെഗാ ചരടുപിന്നിക്കളിയിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം നൂറിലധികം കലാകാരന്മാർ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ , ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണർ ബി നായർ, വനിതവേദി പ്രസിഡൻ്റ്  മോഹിനി തോമസ് എന്നിവർ അറിയിച്ചു.

നർത്തകരുടെ അതീവ ശ്രദ്ധയും താളബോധവും ഒത്തൊരുമയും ആവശ്യമുള്ള കൃത്യമായ ചുവടുകളും ഗണിതശാസ്ത്രവും സമന്വയിക്കുന്ന ഈ കലാരൂപം സംവിധാനം ചെയ്യുന്നത് പ്രമുഖ നാടക പ്രവർത്തകനായ വിഷ്ണു നാടകഗ്രാമമാണ്. നിമ്മി റോഷൻ, വിജിന സന്തോഷ് എന്നിവർ ഏകോപനത്തിന് നേതൃത്വം നൽകുന്നു. ഊഞ്ഞാൽ തുന്നിക്കളി, ഉറി തുന്നിക്കളി, ആളെ ചുറ്റിക്കളി, കച്ചപ്പുറം തുന്നൽ എന്നിങ്ങനെ നാല് വൈവിധ്യമാർന്ന രീതികളിലാണ് ചരടുപിന്നിക്കളി അവതരിപ്പിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത പൈതൃകം വിളിച്ചോതുന്ന ഈ ദൃശ്യവിരുന്ന് കാണുവാൻ ഏവരെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.