ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഡബ്ലിനിലെ ഫയര്‍ എഞ്ചിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

FIRE-ENGINEഡബ്ലിന്‍: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ അടച്ചിടേണ്ട അവസ്ഥയിലാണ് രാജ്യത്തെ ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍. ജീവനക്കാരുടെ അഭാവം കാരണം അഗ്നിശമന സേനയുടെ പ്രവര്‍ത്തനം തടസപ്പെടുകപ്പെടുകയാണെന്നും പ്രവര്‍ത്തനം നില്‍ക്കുന്നത് ആവര്‍ത്തിക്കുന്നതിനാല്‍ വലിയ ബുദ്ധിമുട്ടാണ് പ്രദേശത്തെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ അനുഭവപ്പെടുന്നതെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ നിരവധി തവണയാണ് ഡബ്ലിനിലെ രണ്ട് യൂണിറ്റുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡബ്ലിനില്‍ അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനം നടത്തേണ്ട പ്രദേശങ്ങളില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് ഐറിഷ് ഫയര്‍ ആന്റ് എമര്‍ജന്‍സി സര്‍വീസ് അസോസിയേഷന്‍ കഴിഞ്ഞ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഫയര്‍ എഞ്ചിന്‍ ഡി11 ന്റെ പ്രവര്‍ത്തനം തടസപ്പെട്ടെന്നും മറ്റ് ഫയര്‍ എഞ്ചിനുകളും പ്രവര്‍ത്തിക്കുന്നത് ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതെയാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഫയര്‍ എഞ്ചിന്‍ ഡി31 ന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടെന്നും അവര്‍ അറിയിച്ചു.
എല്ലാ സ്റ്റേഷനുകളിലും ജീവനക്കാരുടെ അഭാവം ഉണ്ടെന്നും ഇത് ഫയര്‍ എഞ്ചിനുകളുടെ പ്രവര്‍ത്തനത്തെ വലിയ രീതിയിലാണ് ബാധിക്കുന്നതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി സ്റ്റേഷനുകളുടെ പ്രവര്‍ത്തനമാണ് തടസ്സപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്ന് മാത്രമല്ല, വാഹനത്തില്‍ പോകാന്‍ ആളില്ലാത്തതിനാല്‍ വാഹനങ്ങള്‍ മാറ്റിയിടേണ്ട അവസ്ഥയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മറ്റ് സ്‌റ്റേഷനുകളില്‍ ജീവനക്കാരുടെ അത്യാവശ്യം വരുമ്പോള്‍ ജീവനക്കാര്‍ക്ക് അവിടേക്കും പോകേണ്ടിവരുന്നുണ്ടെന്നും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയിലാണ് ഡബ്ലിനിന്റെ ഓരോ കോണിലേക്കും രക്ഷാപ്രവര്‍ത്തനത്തിനായി ഓടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില സമയങ്ങളില്‍ ഒരു എഞ്ചിനില്‍ ഒരാളെ മാത്രമാണ് ഓഫീസര്‍മാര്‍ അയക്കുകയെന്നും ഇത് വലിയ അപകടമാണെന്നുമാണ് ഒരു അഗ്നിശമന സേനാംഗം പറയുന്നത്.