കേരള വിഭാഗം സുരക്ഷ സെമിനാര്‍ സപ്തംബര്‍ 2 ന്

14021676_10209760419305209_1285758582257788891_nഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സപ്തംബര്‍ 2 വെള്ളിയാഴ്ച ദാര്സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ രാവിലെ 10 മണി മുതല്‍ ഒമാനിലെ പ്രമുഖ സുരക്ഷാ പരിശീലകരായ ഒക്കുപേഷണല്‍ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ട്, ഒമാൻ (ഓ ടി ഐ) യുടെ സാങ്കേതിക സഹായത്തോടെയും സഹകരണത്തോടെയും സുരക്ഷ സെമിനാര്‍ സംഘടിപ്പിക്കുന്നു.

പരിപാടിയുടെ മുന്നോടിയായി, ആഗസ്ത് 26 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ റൂവിയിലെ കേരള വിഭാഗം ഓഫീസില്‍ വച്ച് ഒരു പോസ്റ്റര്‍ രചനാ മത്സരവും വൈകുന്നേരം 6 മണി മുതല്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച് ലേഖന മത്സരവും നടക്കുന്നു. പോസ്റ്റര്‍ രചനാ/ലേഖന മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 92338105/96099769/97684334 നമ്പരില്‍ ബന്ധപ്പെടുക.

“സുരക്ഷ ദൈനംദിന ജീവിതത്തില്‍” എന്ന വിഷയത്തില്‍ ഊന്നിയാകണം പോസ്റ്റര്‍ രചിക്കേണ്ടത്. “വിദ്യാഭ്യാസ കരിക്കുലത്തില്‍ സുരക്ഷ പാഠ്യവിഷയമാക്കേണ്ടതിന്റെ ആവശ്യകത” എന്നതാണ് ലേഖന മത്സരത്തിനുള്ള വിഷയം.

കേരള വിഭാഗം നടത്തി വരുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ മെയ് മാസത്തില്‍ ഒമാൻ റോഡ് സുരക്ഷാ അസോസിയേഷനുമായി സഹകരിച്ച് റോഡ് സുരക്ഷാ സംബന്ധിച്ച് ഒരു സമാന പരിപാടി നടത്തിയിട്ടുണ്ട്. റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന എണ്ണം പശ്ചാത്തലത്തിൽ നടന്ന സെമിനാര്‍ ഏറെ സമകാലിക പ്രസക്തിയുള്ള പരിപാടി ആയിരുന്നു.

“പൊതുജനങ്ങൾക്ക് സുരക്ഷാ പരിശീലനം നല്‍കുക എന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയില്‍ നമ്മുടെ പ്രഥമ കര്‍ത്തവ്യമായി കേരള വിഭാഗം കാണുന്നു. അതിന്റെ ഭാഗമായാണ് ഈ പരിപാടിയും സംഘടിപ്പിച്ചിട്ടുള്ളത്. സുരക്ഷയെ കുറിച്ചുള്ള അവബോധം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ വീടിനുള്ളിലെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ളതായിരിക്കും സപ്തംബര്‍ 2 നു നടക്കുന്ന പരിപാടി.” രജിലാല്‍ കോക്കാടന്‍, കേരള വിംഗ് കൺവീനർ പറഞ്ഞു. ഭാഷ ദേശ വ്യത്യാസമില്ലാതെ എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.