കുവൈത്തിൽ പ്രവാസികൾക്ക് വെള്ളക്കരം ഏർപ്പെടുത്തുന്നു

കുവൈത്ത് : കുവൈത്തിൽ വിദേശികള്‍ വാടകക്ക് താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റുകളിലെ ജലവിതരണത്തിന് നിയന്ത്രണം വരുന്നു. വൈദ്യുതി ഉപഭോഗം കണക്കാക്കാന്‍ ഓരോ ഫ്ളാറ്റിനും വെവ്വേറെ മീറ്ററുകള്‍ ഉണ്ടെങ്കിലും വെള്ളക്കരം ഫ്ളാറ്റ് വാടകയോട് ചേര്‍ത്ത് ഈടാക്കുന്ന രീതിയാണ് കുവൈത്തില്‍ നിലവിലുള്ളത്. ഈ സംവിധാനത്തില്‍ മാറ്റം വരുത്താനാണ് ജല-വൈദ്യുതി മന്ത്രാലയത്തിന്റെ തീരുമാനം.
റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റുകളില്‍ വെവ്വേറെ വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിച്ച് ഓരോ ഫ്ളാറ്റിലെയും ഉപഭോഗത്തിനനുസരിച്ച് തുക ഈടാക്കാനാണ് പദ്ധതി. ഇതിനായി ഓരോ ഫ്ളാറ്റിലും പ്രത്യേകം വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കാന്‍ കെട്ടിട ഉടമകള്‍ക്ക് ജല -വൈദ്യുതി മന്ത്രാലയം നിര്‍ദേശം നല്‍കി. ഉപയോഗിക്കുന്ന ജലത്തിന് അനുസരിച്ച് കരം ഈടാക്കുന്നതിലൂടെ ദുര്‍വ്യയം തടയാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
അതേസമയം, കമേഴ്സ്യല്‍ ബില്‍ഡിങ്ങുകള്‍ക്ക് ഒരു അപ്പാര്‍ട്ട്മെന്‍റിന് ഒരുമീറ്റർ എന്ന നിലവിലെ രീതി തുടരും. കമേഴ്സ്യല്‍ കെട്ടിടങ്ങളുടെ വെള്ളക്കരം കെട്ടിട ഉടമയാണ് ഒടുക്കേണ്ടത്. വ്യക്തിഗത മീറ്ററിങ് സംവിധാനം നിലവിലുള്ള ഖത്തര്‍ ഉള്‍പ്പെടെ രാജ്യങ്ങളില്‍ പഠനം നടത്തിയശേഷമാണ് പുതിയ രീതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Water tap with drop, isolated on the white background, clipping path included.