കുവൈത്ത് സിറ്റി: ഹജ്ജ് കർമത്തിനായി മക്കയിലേക്ക് പോകുന്ന യാത്രക്കാരുടെ സേവനകാര്യങ്ങൾക്കായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ പ്രവര്‍ത്തനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് റിലേഷൻ വകുപ്പ് മേധാവി ബ്രിഗേഡിയർ ആദിൽ അൽ ഹശ്ശാശാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തുനിന്നുള്ള ഹാജിമാർക്ക് പുറമെ മറ്റ് നാടുകളിൽ നിന്ന് ട്രാൻ സിസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തി കുവൈത്ത് വഴി ഹജ്ജിന് പോകുന്നവർക്കും കൗണ്ടറിലെ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശികളും വിദേശികളുമുൾപ്പെടെ വിശുദ്ധ ഹജ്ജ് കർമത്തിന് യാത്ര തിരിക്കുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ലഘുഭക്ഷണവും കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിക്കും. കുറ്റമറ്റ രീതിയിൽ ഹജ്ജ് നിർവഹിക്കുന്നതിനാവശ്യമായ ഉപദേശ നിർദേശങ്ങളടങ്ങിയ പ്രത്യേക ബ്രോഷറുകളും കൈപുസ്തകങ്ങളും കൗണ്ടറിൽ ലഭ്യമാക്കിയിട്ടുണ്ട്.