50 രൂപയ്ക്ക് 1Gb ഡേറ്റ

rilence-jio.jpg.image.576.432ന്യൂദില്ലി : രാജ്യത്ത് മൊബൈൽ ഫോൺ വിപ്ലവത്തിനു തുടക്കമിട്ട റിലയൻസ് കുടുംബത്തിൽ നിന്നു തന്നെ ഡാറ്റാ വിപ്ലവവും പൊട്ടിപ്പുറപ്പെടുന്നു. ഇന്റർനെറ്റ് കിട്ടാക്കനിയായി അവശേഷിക്കുന്ന വലിയൊരു വിഭാഗത്തിനു പ്രതീക്ഷ നൽകിക്കൊണ്ടാണ് മുകേഷ് അംബാനി ഇന്ന് വലിയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 50 രൂപയ്ക്ക് ഒരു ജിബി ഡാറ്റ എന്ന പ്രഖ്യാപനം. സജീവ ഉപയോക്താക്കൾക്ക് സൗജന്യ സംഭാഷണ സമയവും മുകേഷ് അംബാനി വാഗ്ദാനം ചെയ്തിരിക്കുന്നു. ഫ്രീ വെൽകം ഓഫർ പ്രഖ്യാപനം നടത്തിയ ജിയോ കുറഞ്ഞ സമയത്തിനിടെ 10 കോടി വരിക്കാരെ സ്വന്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഡേറ്റാ രംഗത്ത് ജിയോ വൻ വിപ്ലവം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുക്കാൽ മണിക്കൂർ നീണ്ട മുകേഷ് അംബാനിയുടെ പ്രസംഗം റിലയൻസ് കമ്യൂണിക്കേഷൻസിനും ഡാറ്റാ വിതരണത്തിലെ മുൻനിരക്കാരായ എയർടെല്ലിനും മൂന്നാം സ്ഥാനക്കാരായ ഐ‍ഡിയയ്ക്കും നാലാം സ്ഥാനക്കാരായ റിലയൻസ് കമ്യണിക്കേഷനും വരെ വരുത്തിയ നഷ്ടം ചില്ലറയല്ല. ഈ 45 മിനിട്ടുകൊണ്ട് ഇവരുടെ ഓഹരി വിലയിൽ വൻ ഇടിവാണുണ്ടായത്. എയർടെല്ലിന് 8.99 ശതമാനവും ഐഡിയയ്ക്ക് 9.09 ശതമാനവും ഇടിവുണ്ടായി. അഥവാ എയർടെല്ലിന് 12000 കോടിയും ഐഡിയയ്ക്ക് 2800 കോടിയുടെയും നഷ്ടം.

വോയിസ് കോളുകൾ തികച്ചും സൗജന്യം. റോമിങ് ചാർജുകളും പൂജ്യം. ഇന്റർനെറ്റിന് ഒരു ജിബിക്ക് 50 രൂപ. നിലവിലുള്ള 250 രൂപയുടെ സ്ഥാനത്താണ് ഇതെന്ന് ഓർക്കണം. ജിയോയുടേതായി 10 പ്ലാനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 19 രൂപയ്ക്കു മുതൽ ഇന്റർനെറ്റ് ഉപയോഗം സാധ്യമാകും. പ്രതിമാസം 149 രൂപയുടെ പ്ലാൻ മുതൽ ഏറ്റവും കൂടിയ ഉപഭോഗത്തിന് പ്രതിമാനം 4999 രൂപ മാത്രം മതിയാകും. വിദ്യാർഥികൾക്ക് 25 ശതമാനം അധിക ഡാറ്റ സൗജന്യമായി ലഭിക്കും. ഇതിന് വിദ്യാർഥിയാണെന്നു തെളിയിക്കാനുള്ള ഐഡി കാർഡ് മതിയാകും. സെപ്റ്റംബർ അഞ്ചിനായിരിക്കും ഔദ്യോഗിക ലോഞ്ചിങ്. അന്നുമുതൽ നാലു മാസം വരെ ഡാറ്റാ ഉപയോഗവും സൗജന്യം.

ലോകത്തിലെ ഏറ്റവും ഉയർന്ന മുതൽമുടക്കിൽ സ്റ്റാർട് അപ്പായി തുടങ്ങിയ റിലയൻസ് ജിയോ ഇൻഫോകോമിന്റെ മുടക്കുമുതൽ ഒരു ലക്ഷത്തി അമ്പതിനായിരം കോടി രൂപയാണ്. ഓഫറുകളും പ്ലാനുകളും പ്രഖ്യാപിക്കും മുമ്പുതന്നെ രണ്ടരക്കോടിയോളം ട്രയൽ ഉപയോക്താക്കളെ ആർജിക്കാനായ ജിയോ വരും ദിവസങ്ങളിൽ ഏറ്റവും വലിയ ഡാറ്റാ ദാതാക്കളാകുമെന്ന് ഉറപ്പായിരിക്കുന്നു. 2017 ആകുമ്പോഴേയ്ക്ക് ഇന്ത്യൻ ജനസംഖ്യയുടെ 90 ശതമാനം ജിയോയുടെ പരിധിയിലാക്കുമെന്നാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. 2999 രൂപയ്ക്ക് 4ജി മൊബൈൽ ഫോണുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ രണ്ടുലക്ഷം ഗ്രാമങ്ങളിലും 18000 നഗരങ്ങളിലും റിലയൻസ് ജിയോ നെറ്റ്‌വർക്ക് ലഭ്യമാണ്. അടുത്ത തിങ്കളാഴ്ച മുതൽ എല്ലാവർക്കും ജിയോ സിം വാങ്ങി ഉപയോഗിക്കാം. പ്രഖ്യാപിച്ച താരീഫുകൾ ഡിസംബർ 31 വരെ നിലനിൽക്കും.