ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സുരക്ഷ സെമിനാര്‍ സംഘടിപ്പിച്ചു.

IMG-20160902-WA0011മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സപ്തംബര്‍ 2 വെള്ളിയാഴ്ച ദാര്സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ രാവിലെ 10 മണി മുതല്‍ ഒമാനിലെ പ്രമുഖ സുരക്ഷാ പരിശീലകരായ ഒക്കുപേഷണല്‍ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ട്, ഒമാൻ (ഓ ടി ഐ) യുടെ സാങ്കേതിക സഹായത്തോടെയും സഹകരണത്തോടെയും സുരക്ഷ സെമിനാര്‍ സംഘടിപ്പിച്ചു. ഗാർഹിക സുരക്ഷയ്ക്കും റോഡ് സുരക്ഷക്കും പ്രാധാന്യം കൊടുത്തുകൊണ്ടു നടത്തിയ സെമിനാറിൽ ഓ ടി ഐ ലെ പ്രധാന ട്രെയിനർമാരായ വക്കാസ് അഹമ്മദ്, ഇയാൻ വൈറ്റ് എന്നിവർ ക്ലാസെടുത്തു.

പരിപാടിയുടെ മുന്നോടിയായി നടന്ന പോസ്റ്റര്‍ രചനാ/ലേഖന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഇന്ത്യൻ സ്കൂൾ ബോർഡ് അംഗങ്ങളായ ബേബി സാമും അജയൻ പൊയ്യാരയും ചേർന്ന് നൽകി. “സുരക്ഷ ദൈനംദിന ജീവിതത്തില്‍” എന്ന വിഷയത്തില്‍ ഊന്നിയാണ് പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചത്. . “വിദ്യാഭ്യാസ കരിക്കുലത്തില്‍ സുരക്ഷ പാഠ്യവിഷയമാക്കേണ്ടതിന്റെ ആവശ്യകത” എന്ന തായിരുന്നു ലേഖന മത്സരത്തിനുള്ള വിഷയം.കേരള വിഭാഗം നടത്തി വരുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ മെയ് മാസത്തില്‍ ഒമാൻ റോഡ് സുരക്ഷാ അസോസിയേഷനുമായി സഹകരിച്ച് റോഡ് സുരക്ഷാ സംബന്ധിച്ച് ഒരു സമാന പരിപാടി നടത്തിയിട്ടുണ്ട്. റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന എണ്ണം പശ്ചാത്തലത്തിൽ നടന്ന സെമിനാര്‍ ഏറെ സമകാലിക പ്രസക്തിയുള്ള പരിപാടി ആയിരുന്നു.
“പൊതുജനങ്ങൾക്ക് സുരക്ഷാ പരിശീലനം നല്‍കുക എന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയില്‍ നമ്മുടെ പ്രഥമ കര്‍ത്തവ്യമായി കേരള വിഭാഗം കാണുന്നു. അതിന്റെ ഭാഗമായാണ് ഈ പരിപാടിയും സംഘടിപ്പിച്ചത്. സുരക്ഷയെ കുറിച്ചുള്ള അവബോധം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ വീടിനുള്ളിലെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ളതായിരുന്നു പരിപാടി.” രജിലാല്‍ കോക്കാടന്‍, കേരള വിംഗ് കൺവീനർ പറഞ്ഞു. സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 300 ലേറെ പേർ സെമിനാറിൽ പങ്കെടുത്തു.